താങ്ങാവുന്നതിനപ്പുറം വേദനയും നൽകി എന്റെ അണ്ണൻ യാത്രയായി- നോബി മാർക്കോസ്

June 5, 2023

കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനമറിയിച്ച് കൂടുതൽ താരങ്ങൾ രംഗത്ത് എത്തുകയാണ്. സ്റ്റാർ മാജിക് താരങ്ങൾക്കാണ് സുധിയുടെ വേർപാട് അവിശ്വസനീയമായിരിക്കുന്നത്. കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒരുപാട് സഹപ്രവർത്തകനും സിനിമ താരങ്ങളും പങ്കുചേർന്നിട്ടുണ്ട്. സ്റ്റാർ മാജിക് വേദിയിൽ കൊല്ലം സുധിയും നോബിയും തമ്മിലുള്ള രസകരമായ സംഭാഷണങ്ങൾ ശ്രദ്ധനേടിയിരുന്നു. കൊല്ലം സുധിയുടെ വേർപാടിൽ നോബി മാർക്കോസ് നൊമ്പരം പങ്കുവയ്ക്കുകയാണ്.

‘ചെയ്യാൻ വേഷങ്ങൾ ഒരുപാട് ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദനയും നൽകി എന്റെ അണ്ണൻ യാത്രയായി’ എന്നാണ് നോബി കുറിച്ചിരിക്കുന്നത്. പലരും ഈ മരണവർത്തയുടെ ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ല. വിതുമ്പലോടെയാണ് സ്റ്റാർ മാജിക് അവതാരക ലക്ഷ്മി നക്ഷത്ര വേർപാടിനോട് പ്രതികരിച്ചത്.‘എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന്‍ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ… അദ്ദേഹം ഇപ്പോള്‍ ഏത് ലോകത്തായാലും ആ ചിരി മാഞ്ഞുപോകാതിരിക്കട്ടെ. ഇത്ര വേഗം കൊണ്ടുപോകേണ്ടതില്ലായിരുന്നു’- ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ.

വടകരയില്‍ ട്വന്റിഫോര്‍ കണക്ട് സമാപന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു കൊല്ലം സുധിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

സുധി സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരു കുടുംബമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മാജിക് താരങ്ങള്‍ സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന് മുന്നില്‍ തളര്‍ന്ന് നില്‍ക്കുകയാണ്. ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാകുകയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി തുടങ്ങുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ ഈ കലാകാരന്‍ വിടപറയുന്നത് സ്വന്തമായി ഒരു വീട് വയ്ക്കണം എന്നത് ഉള്‍പ്പെടെയുള്ള സ്വപ്‌നങ്ങള്‍ ബാക്കി വച്ചാണ്.

Story highlights-actor noby about kollam sudhi