“ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്”; എ.ആർ. റഹ്മാന്റെ മകൾ ഖദീജ സംഗീതസംവിധാനത്തിലേക്ക്
എ.ആർ. റഹ്മാന്റെ മകൾ ഖദീജ സംഗീതസംവിധാനത്തിലേക്ക്. തമിഴ് ചിത്രമായ ‘മിൻമിനി’ക്കു വേണ്ടിയാണ് സംഗീത ഇതിഹാസത്തിന്റെ മകൾ ഖദീജ ഈണമൊരുക്കുക. ചിത്രത്തിന്റെ സംവിധായിക ഹലിത ഷമീം ആണ് കമ്പോസിങ്ങിനിടെയുള്ള ഖദീജയുടെ ചിത്രത്തോടൊപ്പം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ‘അസാധാരണ പ്രതിഭയ്ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം.
മധുരസ്വരമുള്ള ഒരു ഗായിക മാത്രമല്ല മികവുറ്റ സംഗീതസംവിധായിക കൂടിയാണ് ഖദീജ. മഹത്തായ സംഗീതശകലങ്ങൾ പുറത്തുവരാനിരിക്കുന്നു’, എന്ന അടിക്കുറിപ്പോടു കൂടിയാണ് ഹലിത ഷമീം ഖദീജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
ഈ അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലും സംഗീതസംവിധാന രംഗത്തെ കുറിച്ച് ഖദീജ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം വരെ സംഗീതസംവിധാനത്തിലേക്കു കടക്കുമെന്ന് എനിക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എന്നാൽ എന്ത് ചെയ്യാനാണ് എന്റെ മനസ്സ് ആഗ്രഹിക്കുന്നതെന്നു ഇപ്പോൾ ഞാൻ കണ്ടെത്തി.
ഇപ്പോൾ ഞാൻ പാട്ട് പാടുന്നതിനൊപ്പം തന്നെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു. ഇനിയും കൂടുതൽ ചെയ്യാനുണ്ടെന്ന് എനിക്കു ബോധ്യമായി. എന്നുമാണ് ഖദീജ അഭിമുഖത്തിൽ പറഞ്ഞത്.
ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ഖദീജ ഈണം നൽകുന്ന പാട്ടുകൾക്കായി കാത്തിരിക്കുന്നത്. നിരവധി പേരാണ് ഖദീജയുടെ പുതിയ തുടക്കത്തിന് ആശംസകൾ നേർന്ന് എത്തുന്നത്. 2020ൽ ‘ഫരിശ്തോ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ സംഗീതമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമായിരുന്നു അത്.
Story Highlights: AR Rahman’s daughter Khatija turns music composer