പിറന്നാൾ നിറവിൽ സുരേഷ് ഗോപി; ആഘോഷമാക്കാൻ ‘ഗരുഡൻ’ ടീസർ എത്തി

June 26, 2023

വെള്ളിത്തിരയില്‍ അഭിനയവിസ്മയമൊരുക്കുന്ന കലാകാരനാണ് സുരേഷ് ഗോപി. നിരവധിയാണ് താരം അനശ്വരമാക്കിയ കഥാപാത്രങ്ങളും. ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. ഇന്ന് പിറന്നാൾ നിറവിലാണ് താരം. സുരേഷ് ഗോപിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹം നായകനായി എത്തുന്ന ഗരുഡൻ എന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തി.

സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗരുഡൻ’. ‘അദ്ദേഹത്തിന്റെ ആരാധകരടക്കം എല്ലാ സിനിമാപ്രേമികളും ടീസറിനെ ആഘോഷപൂര്‍വ്വം സ്വീകരിച്ചിരിക്കുകയാണ്.നവാഗതനായ അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക്‌ ഫ്രയിംസ് ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ‘അഞ്ചാം പാതിരാ’ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. അതോടൊപ്പം മാജിക് ഫ്രെയിംസും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

11 വർഷത്തിന് ശേഷം ആണ് സുരേഷ് ഗോപിയും ബിജു മേനോനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. കളിയാട്ടം, പത്രം, എഫ്‌ഐആർ ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്റി-ട്വന്റി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒരുമിച്ചു എത്തിയിരുന്നു. 2010 ൽ രാമരാവണൻ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ അവസാനമായി അഭിനയിച്ചത്. അതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഗരുഡൻ’ .

Read Also: 75 വയസ്സുള്ള മരങ്ങൾക്ക് സംരക്ഷണം നൽകിയാൽ ‘പെൻഷൻ’; പദ്ധതിയുമായി ഹരിയാന സർക്കാർ

ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം ആണ് ക്യാമറകൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയ്, ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം അനീസ് നാടോടിയും നിർവഹിക്കുന്നു. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ. മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- സ്റ്റെഫി സേവ്യർ, മാർക്കറ്റിങ് ഒബ്‌സ്ക്യുറ,മാർക്കറ്റിംഗ് കൺസൾട്ടന്റ്- ബിനു ബ്രിങ് ഫോർത്ത്. ഡിസൈൻസ്- ആന്റണി സ്റ്റീഫൻ. പി. ആർ.ഒ- മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Story highlights- garudan teaser out now