മസാലദോശയ്ക്കൊപ്പം സാമ്പാർ നൽകിയില്ല; പിഴയായി 3500 രൂപ നൽകാൻ കോടതി

July 15, 2023

മസാല ദോശ, സാമ്പാർ, ചമ്മന്തി മിക്കവരുടെയും ഇഷ്ടമുള്ള ഭക്ഷണമാണ്. ദോശയുടെ രുചി പൂർണമാകണമെങ്കിൽ കൂടെ സാമ്പാറും ചമ്മന്തിയും വേണം. എന്നാൽ ഈ സാമ്പാറിന്റെ പേരിൽ പണികിട്ടിയിരിക്കുകയാണ് ഒരു റെസ്റ്റോറന്റിന്. ബീഹാറിലെ ബക്‌സറിലെ ഒരു റസ്റ്റോറന്റാണ് സാമ്പാറിന്റെ പേരിൽ പൊല്ലാപ്പിലായിരിക്കുന്നത്. ദോശയ്ക്കൊപ്പം സാമ്പാറും ചട്‌നിയും വിളമ്പുന്നത് പതിവാണ്. എന്നാൽ മസാലദോശയ്ക്കൊപ്പം സാമ്പാർ വിളമ്പാത്തതിനെ തുടർന്നാണ് റസ്റ്ററന്റിനെതിരെ ജില്ലാ ഉപഭോക്തൃ കോടതി പിഴ ഇടാക്കിയിരിക്കുകയാണ്. 3,500 രൂപയാണ് പിഴയായി നൽകേണ്ടത്. 45 ദിവസത്തിനുള്ളിൽ പിഴ അടക്കണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

Read Also: അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥമന്ദിരത്തിൽ എത്തിപ്പെട്ടു; ഒരു ട്രെയിൻ യാത്രയിൽ മാറിമറിഞ്ഞ ജയസൂര്യയുടെ ജീവിതം- വിഡിയോ

പിഴ നൽകേണ്ടി വന്ന വിഷയത്തിന് ആസ്പദമായ സംഭവം നടക്കുന്നത് 2022 ഓഗസ്റ്റ് 15-നാണ്. അഭിഭാഷകനായ മനീഷ് ഗുപ്ത തന്റെ ജന്മദിനം ആഘോഷിക്കാനായി അന്നേ ദിവസം ബീഹാറിലെ ബക്‌സറിലെ നമക് റസ്റ്ററന്റിൽ എത്തി. 140 രൂപയുടെ സ്പെഷൽ മസാലദോശയാണ് അന്ന് ഗുപ്ത വാങ്ങിച്ചത്. അത്രയും രൂപയുടെ മസാലദോശ വാങ്ങിയിട്ടും സാമ്പാർ നൽകാത്തത് ചോദ്യം ചെയ്ത മനീഷ് ഗുപ്തയോട് 140 രൂപയ്ക്ക് മുഴുവൻ റസ്റ്ററന്‍റും വാങ്ങാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നാണ് മറുപടിയായി ചോദിച്ചത്.

ഈ തർക്കത്തിന് ഒടുവിൽ അദ്ദേഹം ജില്ലാ ഉപഭോക്തൃ കമ്മിഷനിൽ പരാതി നല്കാൻ തീരുമാനിച്ചു. കൃത്യമായ അന്വേഷണത്തിന് ശേഷം 11 മാസം കഴിഞ്ഞാണ് ഡിവിഷൻ ബെഞ്ച് ഹോട്ടലുടമ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും റസ്റ്ററന്‍റിന് 3,500 രൂപ പിഴ ചുമത്തുകയും ചെയ്യുന്നത്.

Story highlights – Restaurant fined Rs 3,500 for serving special masala dosa without sambar