സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാം

August 17, 2023

ഈ ഡിജിറ്റൽ കാലത്തും പല ഓൺലൈൻ സേവനങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ധാരണയൊന്നും ഇല്ലാത്തവരാണ് അധികവും. പ്രത്യേകിച്ച് പോലീസ് സേവനങ്ങളെ കുറിച്ച്. സൈബർ തട്ടിപ്പിന് ഇരയായത് എന്തുചെയ്യണം, വിദേശ ജോലിക്ക് ശ്രമിക്കുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണം, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതെങ്ങനെ എന്നുതുടങ്ങി പല പ്രധാന അറിവുകളും എല്ലാവർക്കും അജ്ഞാതമാണ്. എന്നാൽ, ഇനിമുതൽ കേരള പോലീസിന്റെ പേജിലൂടെ ചിങ്ങം ഒന്ന് മുതൽ ഇത്തരം കാര്യങ്ങളിൽ വ്യക്തമായ കുറിപ്പുകൾ പങ്കുവയ്ക്കപ്പെടും. ചിങ്ങം ഒന്നിന് ആരംഭിച്ചിരിക്കുന്ന ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന പദ്ധതിയിലൂടെയാണ് വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇപ്പോഴിതാ, പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എന്തൊക്കെ ചെയ്യണം എന്നതാണ് പങ്കുവെച്ചിരിക്കുന്നത്.

കേരളാ പോലീസിന്റെ കുറിപ്പ്;

പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി (സ്മാർട്ഫോൺ, ലാപ് ടോപ്പ്, കമ്പ്യൂട്ടർ എന്നിവ ഉപയോഗിച്ച്) അപേക്ഷ നൽകാം. അപേക്ഷകൻ ഒരു പോലീസ് കേസിലും പെട്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന Certificate of non involvement in Criminal Offences ജോലി, പഠനം, റിക്രൂട്ട്മെന്റുകൾ, യാത്രകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് ആവശ്യമാണ്.
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ ആപ്പിലൂടെ ഈ സേവനം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.


പോൽ ആപ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ സർവീസ് എന്ന ഭാഗത്ത് Certificate of Non Involvement in Offences സെലക്ട് ചെയ്തശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന ആധാർ പോലുള്ള രേഖകൾ, എന്ത് ആവശ്യത്തിനുവേണ്ടി ആരാണ് നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്നതിന്റെ ഡിജിറ്റൽ പകർപ്പുകൾ എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്‌ലോഡ് ചെയ്തു നൽകണം.
ജില്ലാ പോലീസ് മേധാവിയിൽ നിന്നാണോ സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നാണോ സർട്ടിഫിക്കറ്റ് ആവശ്യമുള്ളത് എന്ന് സെലക്ട് ചെയ്തു നൽകാൻ വിട്ടുപോകരുത്.


വിവരങ്ങളും രേഖകളും നൽകിക്കഴിഞ്ഞാൽ ട്രഷറിയിലേയ്ക്ക് ഓൺലൈൻ ആയി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് ഇതോടൊപ്പം ലഭിക്കും. അതുപയോഗിച്ചു ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിങ്ങളുടെ അപേക്ഷയിൽ പോലീസ് അന്വേഷണം നടത്തി സർട്ടിഫിക്കറ്റ് അനുവദിക്കും. ഇത് ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. ഇതിനു വേണ്ടി നിങ്ങൾ പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല.

Read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാ‌ൻഡ് ജനതയുടെ വേറിട്ട ഐഡിയ!


തുണ പോർട്ടൽ വഴിയും സമാനമായ രീതിയിൽ അപേക്ഷിക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ബന്ധപ്പെട്ട പാസ്പോർട്ട് സേവാ കേന്ദ്ര / റീജിയണൽ പാസ്പോർട്ട് ഓഫീസിനെയാണ് സമീപിക്കേണ്ടത്.

പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്-
https://play.google.com/store/apps/details…
കേരള പോലീസിന്റെ തുണ പോർട്ടലിലേയ്ക്കുള്ള ലിങ്ക്-
https://thuna.keralapolice.gov.in/

Story highlights- how to apply for Certificate of Non Involvement in Offences