എന്താണ് എഫ് ഐ ആർ അഥവാ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ? അറിയാം

August 21, 2023

പോലീസ് സ്റ്റേഷനുകൾ ജനസൗഹാർദ്ദപരമായെങ്കിലും ആളുകൾക്ക് ഇപ്പോഴും അവിടുത്തെ നടപടിക്രമങ്ങളെക്കുറിച്ച് വിപുലമായ ധാരണ ഇല്ല. അതുപോലെ ഓൺലൈൻ സേവനങ്ങളെക്കുറിച്ചോ കേസുകളെകുറിച്ചോ ധാരണയില്ലാത്തവരെ ബോധവാന്മാരാക്കുന്നതിനായി ഇപ്പോൾ കേരളാ പോലീസ് തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സേവനത്തിലൂടെ പല വിഷയങ്ങളിൽ വിശദമായ അറിവ് പകരുകയാണ് പോലീസ്, ഫേസ്ബുക്ക് പേജിലൂടെ. ഇപ്പോഴിതാ, എന്താണ് എഫ് ഐ ആർ അഥവാ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് എന്ന് നോക്കാം.

എന്താണ് എഫ് ഐ ആർ അഥവാ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ?

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പോലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് CrPC 154 വകുപ്പ് പ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാം. നിലവിൽ പോലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കിൽ നിലവിൽ സ്റ്റേഷനിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കിനു മുകളിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് നിയമപ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാവുന്നതാണ്. കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയിൽ നിയമത്തിനു മുന്നിൽ എഫ്‌ ഐ ആറിന് വളരെ പ്രാധാന്യമുണ്ട്.


പോലീസിന് നേരിട്ട് കേസെടുക്കാൻ കഴിയുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാർ ചാർജ് ഉള്ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് കേസെടുക്കാൻ ഉത്തരവ് നേടണം.


ക്രിമിനൽ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് പോലീസിന് അധികാരമുള്ളത്. വസ്തു തർക്കം, കരാർ ലംഘനം, കിട്ടാക്കടം തിരിച്ചുപിടിക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങൾ തീർപ്പാക്കാൻ സിവിൽ കോടതിയെയാണ് സമീപിക്കേണ്ടത്.
ഒപ്പിട്ടുനൽകിയ മൊഴിയിലോ പരാതിയിലോ നിയമപ്രകാരം പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാം. പരാതി തയ്യാറാക്കാതെ പോലീസ് സ്‌റ്റേഷനിൽ എത്തിയാലും വിശദമായ മൊഴി രേഖപ്പെടുത്തി നൽകാൻ പോലീസ് സ്റേഷനിലെ ഹെൽപ് ഡെസ്കിന്റെ സഹായം ലഭിക്കും. ഐ ടി നിയമപ്രകാരം ഡിജിറ്റൽ ഒപ്പും സ്വീകാര്യമാണ്. ചുരുക്കത്തിൽ, ഒരു പരാതി തയ്യാറാക്കുന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല.

Read Also: സ്നേഹാദരങ്ങളിൽ നിന്നും പടിയിറക്കപ്പെട്ട പ്രൊഫസർ ബാലചന്ദ്രന്റെ അതിജീവനത്തിന്റെ കഥ- കുങ്കുമച്ചെപ്പ് എല്ലാദിവസവും രാത്രി 7 മണിക്ക്


എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തുന്നതാണ് ഉചിതം. ഇ-മെയിലുകളിലും ടെലിഫോൺ വിവരങ്ങളിലും ചില സാഹചര്യങ്ങളിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാമെങ്കിലും ഫലപ്രദമായ അന്വേഷണത്തിനായി വിശദമായ മൊഴികൾ പിന്നീടുള്ള ഘട്ടത്തിൽ പോലീസിന് / മജിസ്ട്രേട്ടിന് നൽകേണ്ടതുണ്ട്.
എഫ് ഐ ആർ രജിസ്റ്റർ ചെയ്തശേഷം അതിന്റെ പകർപ്പ് പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ കയ്യിൽ നിന്ന് പരാതിക്കാർക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്. കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapolice.gov.in) നിന്ന് എഫ്‌ ഐ ആർ ഡൗൺലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Story highlights- what is FIR