‘കേട്ടിടത്തോളം ഇതല്പം കുഴപ്പംപിടിച്ച കേസാ..’- ‘കണ്ണൂർ സ്‌ക്വാഡ്’ ട്രെയ്‌ലർ

September 7, 2023

നടൻ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളൊക്കെ ഏറെ പ്രതീക്ഷ നൽകുന്നവയാണ്. ഷൂട്ടിംഗ് പൂർത്തിയായ ജിയോ ബേബിയുടെ ‘കാതൽ’, ‘കണ്ണൂർ സ്‌ക്വാഡ്’ എന്നീ ചിത്രങ്ങളൊക്കെ പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന സിനിമകളാണ്. അതോടൊപ്പം തന്നെ മലയാള സിനിമ ലോകം വലിയ ആവേശത്തോടെ കാത്തിരിക്കുന്ന അമൽ നീരദിന്റെ ബിലാലും അധികം വൈകാതെ ഷൂട്ടിംഗ് ആരംഭിച്ചേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് കണ്ണൂർ സ്‌ക്വാഡിന്റെ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്.

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം നിർവഹിക്കുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഷാഫിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഷാഫിയോടോപ്പം റോണി ഡേവിഡും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ.

കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം തിയറ്ററുകളിലേക്ക് ഉടനെത്തും.

Story highlights- kannur squad trailer