ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൃക്ക രോഗത്തെ പേടിക്കേണ്ട!
വൃക്കകള്‍ ശരീരത്തില്‍ വഹിക്കുന്ന പങ്ക് അത്ര ചെറുതൊന്നുമല്ല. പലതരത്തില്‍ മനുഷ്യ ശരീരത്തിലെത്തുന്ന മാലിന്യങ്ങളെ അരിച്ചുമാറ്റുന്നത് ഈ വൃക്കകളാണല്ലോ. ദിനംപ്രതി മാറി മാറി വരുന്ന ജീവിതശൈലികള്‍ പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ കാര്യമായിതന്നെ ബാധിക്കാറുണ്ട്. വൃക്ക രോഗങ്ങളും ഇന്ന് ദിനംപ്രതി വ്യാപിച്ചു വരികയാണ്.
പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂടാണ്. ചൂടുകാലം പൊതുവേ വൃക്കകള്‍ക്ക് അധ്വാനം കൂടുതലുമാണ്. വൃക്കള്‍ക്ക് നേരിടേണ്ടിവരുന്ന ചെറിയ തരത്തിലുള്ള ക്ഷീണം പോലും ശരീരത്തെ കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ടു തന്നെ ഈ ചൂടുകാലത്ത് വൃക്കകളുടെ ആരോഗ്യകാര്യത്തില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ടതുണ്ട്. പലവിധ രോഗങ്ങളും ഇന്ന് വൃക്കകളെ ബാധിക്കാറുണ്ടെന്നതാണ് വാസ്തവം. കിഡ്നി സ്റ്റോണ്‍ ആണ് ഇത്തരം രോഗങ്ങളില്‍ പ്രധാനം. ചൂടുകാലത്ത് കിഡ്നി സ്റ്റോണ്‍ വ്യാപകമായി കണ്ടുവരാറുണ്ട്.
ഇക്കാലത്ത് കിഡ്നി സ്റ്റോണിന്റെ കാഠിന്യം ഇരട്ടിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. വെള്ളം ധാരാളമായി കുടിച്ചാല്‍ ഒരു പരിധിവരെ പലവിധ രോഗങ്ങളില്‍ നിന്നും വൃക്കകളെ സംരക്ഷിക്കാം. ചൂടുകാലമായതിനാല്‍ ശരീരത്തിലെ ജലാംശം വളരെ വേഗത്തില്‍ നഷ്ടപ്പെടും. നിര്‍ജലീകരണം എന്നാണ് ഈ അവസ്ഥയെ പറയുന്ന പേര്. ശരീരത്തിലെ ജലത്തിന്റെ അളവ് സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തേണ്ടതും വൃക്കകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
Read also: ഹൃദയങ്ങളിൽ പറന്ന് ചേക്കേറിയ ‘പ്രാവ്’
നാരങ്ങാവെള്ളം, സംഭാരം, രാമച്ചം, തുളസിയില, കരിങ്ങാലി തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നത് അധികമായാല്‍ വൃക്കകള്‍ക്ക് അത് അത്ര നല്ലതല്ല. അമിതമായ ഉപ്പിന്റെ ഉപയോഗം കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് വൃക്കകളുടെ ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, കോളകള്‍, ഓക്സലേറ്റ് അധികമുള്ള പാനിയങ്ങള്‍ തുടങ്ങിയവ വൃക്കകളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുപോലെതന്നെ ചൂടുകാലത്ത് പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പ്രോട്ടീന്‍ അധികമായാല്‍ യൂറിക് ആസിഡ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവ കിഡ്നി സ്റ്റോണ്‍ സാധ്യതയും വര്‍ധിപ്പിക്കും.
Story highlights- prcaution for kidney related diseases