എന്റെ ജീവിതത്തിലെ ഒരുദിനം; വിഡിയോയുമായി നടി ശോഭന

September 16, 2023

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ശോഭനയുടെ നിരവധി നൃത്ത വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പലപ്പോഴും തന്റെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ശോഭന കേരളത്തിൽ വരുന്നത് വിരളമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരുദിനം പങ്കുവയ്ക്കുകയാണ് നടി.

വളർത്തുനായക്ക്ക് ഒപ്പം സമയം ചിലവഴിക്കുന്ന വിഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശോഭന വിഡിയോ പങ്കുവെച്ചത്. അതേസമയം, ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത വിദ്യാലയവുമായി സജീവമാണ് ശോഭന. ധാരാളം വിദ്യാർത്ഥികൾ ശോഭനയുടെ കീഴിൽ നിരവധി നൃത്തരൂപങ്ങൾ അഭ്യസിക്കുന്നുണ്ട്. നൃത്ത വിദ്യാലയത്തിൽ ശ്രദ്ധ ചെലുത്തുന്നതിനാൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള സിനിമകളിൽ മാത്രമേ ശോഭന ഇപ്പോൾ അഭിനയിക്കാറുള്ളു. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ചിത്രീകരണവും ചെന്നൈയിലേക്ക് മാറ്റിയത് ശോഭന അതിലുണ്ടാകണം എന്ന നിർബന്ധം സംവിധായകനായ അനൂപ് സത്യന് ഉണ്ടായിരുന്നതിനാലാണ്.

എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നിലനിർത്തുക എന്നത് ഒരു അസാധാരണ അഭിനേതാവിന് മാത്രം സാധിക്കുന്ന ഒന്നാണ്. അതിന്റെ മകുടോദാഹരണമാണ് ശോഭന. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രഗത്ഭയും, ഉൾക്കാഴ്ചയുള്ള അധ്യാപികയുമൊക്കെയാണെങ്കിലും ശോഭന മലയാളികൾക്ക് എന്നും ഗംഗയോ നാഗവല്ലിയോ ആണ്.

Story highlights- shobhana’s day in my life video