രോഗങ്ങളെ ചെറുത്തുനിൽക്കാം; ദിവസവും ശീലമാക്കാം ഗോൾഡൻ മിൽക്ക്
മുതിർന്നവർ പറയുന്നത് വെറുതെയല്ലെന്ന് കേട്ടിട്ടില്ലേ? പഴമക്കാരായി കൈമാറി വന്ന ഒരു അമൂല്യ കൂട്ടിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മഞ്ഞ നിറത്തിലുള്ള ഈ ഔഷധകൂട്ടിനെ മഞ്ഞൾ പാൽ അഥവാ ഗോൾഡൻ മിൽക്ക് എന്ന് വിളിക്കുന്നു. അറിയാം ഗോൾഡൻ മിൽക്കിന്റെ ഗുണങ്ങൾ. (Health benefits of golden milk)
ജലദോഷം, ചുമ, കഫക്കെട്ട്, സന്ധിവേദന, അങ്ങനെ ഏത് ബുദ്ധിമുട്ടിനും പരിഹാരമാണ് മഞ്ഞൾ പാൽ. ഒരു ഗ്ലാസ് പാലിൽ ഒരു ടീസ്പൂൺ മഞ്ഞൾ ചേർത്ത് പത്തു മുതൽ പന്ത്രണ്ട് മിനിട്ടുവരെ തിളപ്പിക്കാം. ഇതിനോടൊപ്പം, ഗ്രാമ്പു, ഏലക്ക, കറുകപ്പട്ട, ഇഞ്ചി ഇവയിലേതുവേണമെങ്കിലും ചെറിയ അളവിൽ ചേർത്താൽ ഗുണമേറും. തിളച്ച മിശ്രിതം അരിച്ചെടുത്ത ശേഷം മധുരത്തിന് തേനോ, പഞ്ചസാരയോ ചേർക്കാം. കഴിക്കുന്നതിനു മുൻപായി ഒരു നുള്ള് കുരുമുളക് പൊടി കൂടി ചേർക്കാൻ മറക്കണ്ട. ശരീരത്തിൽ മഞ്ഞളിന്റെ ആഗിരണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ശരീരവീക്കം കുറയ്ക്കാൻ കുർക്കുമിൻ വളരെ ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇക്കാരണം കൊണ്ട് തന്നെ വേദന, നീർവീക്കം തുടങ്ങിയവ കുറയ്ക്കാൻ മഞ്ഞൾ പാൽ വളരെയധികം ഗുണം ചെയ്യും. കുർക്കുമിൻ ശക്തമായ ഒരു ആന്റി ഓക്സിഡന്റു കൂടിയാണ്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ഇത് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. ഇത് ക്യാൻസർ, ഹൃദ്രോഗങ്ങൾ മുതലായവയുടെ സാധ്യത കുറയ്ക്കുന്നു. ആന്റി ഓക്സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയുകയും അതുവഴി പ്രായമാകൽ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇത് നേർത്ത ചുളിവുകളെയും പാടുകളെയും ഫലപ്രദമായി തടയുന്നു.
മഞ്ഞൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ആൻറി ബാക്ടീരിയൽ, ആന്റി വൈറൽ, ആൻറി ഫംഗൽ ഗുണങ്ങൾ പലതരം അണുബാധകളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. വയറുവേദന കുറയ്ക്കുന്നതിനും ദഹനവ്യവസ്ഥയെ ക്രമപ്പെടുത്താനും മഞ്ഞൾ സഹായിക്കും. മുഖം തിളക്കാനും കഴിവുണ്ട് മഞ്ഞളിന്. കുരുക്കൾ, പാടുകൾ എന്നിവ മാറ്റി ചർമം ആരോഗ്യമുള്ളതായി വെക്കാൻ മഞ്ഞൾ പാൽ സ്ഥിരമാക്കുന്നത് വഴിയൊരുക്കും. ഉറക്കക്കുറവ് മാറ്റാൻ ഒരു കപ്പു ചൂട് മഞ്ഞൾ പാൽ കുടിച്ചുനോക്കു.
ഇനി പാൽ കാണുമ്പോൾ മുഖം തിരിക്കേണ്ട, പറഞ്ഞുതീരാത്തത്ര ഗുണങ്ങളുള്ള ഗോൾഡൻ മിൽക്ക് ശീലമാക്കിയാൽ ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്തി ജീവിതം കൂടുതൽ ആരോഗ്യമുള്ളതാക്കി തീർക്കാൻ സാധിക്കും.
Story highlights: Health benefits of golden milk