ജപ്പാനിലെ ക്യോട്ടോയിൽ വൈറലായി ടേസ്റ്റി ദോശയും ഇഡ്ഡലിയും; ഈ ദക്ഷിണേന്ത്യൻ വിഭവങ്ങളുണ്ടാക്കുന്നത് രണ്ട് ജാപ്പനീസ് പുരുഷന്മാർ!

October 31, 2023

സാംസ്കാരിക കൈമാറ്റം അടുത്തിടെയായി സമൂഹത്തിൽ വളരെ സജീവമായി നടക്കുന്നുണ്ട്. സിനിമാ ആസ്വാദനത്തിൽ തുടങ്ങി തനത് രുചികളിൽ പോലും ആ സമീപനം കാണാൻ സാധിക്കും. കൊറിയൻ, ജാപ്പനീസ് സംസ്കാരം ഇപ്പോൾ കേരളത്തിലെ ചെറിയ ഗ്രാമങ്ങളിലെ കുട്ടികൾക്കിടയിൽ പോലും വലിയ സ്വാധീനമാണ് ചെലുത്തുന്നത്. എന്നാൽ, അത് തിരിച്ചാണെങ്കിലോ? ജപ്പാനിലെ ക്യോട്ടോയിലൂടെ നടക്കുമ്പോൾ നിങ്ങളുടെ മൂക്കിലേക്ക് അടിച്ചുകയറുന്നത് നല്ല ദോശയുടെയും ഇഡ്ഡലിയുടെയും ആവി പൊങ്ങുന്ന മണമാണ്!(South Indian restaurant serving authentic dosa and idli in Kyoto)

വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പല ഇന്ത്യൻ വിനോദസഞ്ചാരികൾക്കും ഉള്ള ആശങ്കകളിലൊന്ന് അവർക്ക് ഇന്ത്യൻ ഭക്ഷണം അവിടെ കഴിക്കാൻ കിട്ടുമോ എന്നതാണ്. വിദേശത്ത് നിങ്ങൾ കണ്ടെത്തുന്ന നിരവധി ഇന്ത്യൻ റെസ്റ്റോറന്റുകൾ ഉണ്ടെങ്കിലും, ഭക്ഷണം നിങ്ങൾക്ക് ഇഷ്ടപ്പെടണമെന്നില്ല. എന്നിരുന്നാലും, ജപ്പാനിലെ ക്യോട്ടോയിലെ ‘തഡ്ക’ എന്ന് പേരിട്ടിരിക്കുന്ന ഒരു റെസ്റ്റോറന്റ് ഒരു ദക്ഷേണേന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഇഡ്ഡലികളും ദോശകളും ഉറപ്പ് നൽകുന്നു. എന്തായാലും, നമ്മുടെ നാട്ടുകാർ അവിടെയും പോയി കടത്തുടങ്ങിയല്ലോ എന്ന് വിചാരിക്കാൻ വരട്ടെ. ഈ കട നടത്തുന്നതും വിഭവങ്ങൾ ഉണ്ടാക്കുന്നതും രണ്ടു ജാപ്പനീസ് പുരുഷന്മാരാണ്.

6 മാസത്തിലൊരിക്കൽ ചെന്നൈ സന്ദർശിക്കുകയും പുതിയ വിഭവങ്ങൾ പഠിക്കുകയും അവ പരിപൂർണ്ണമാക്കുന്നത് വരെ പരിശീലിക്കുകയും അവരുടെ മെനുവിൽ ചേർക്കുകയും ചെയ്യുന്ന ജാപ്പനീസ് ആളുകളാണ് ‘തഡ്ക’ പൂർണ്ണമായും നടത്തുന്നത്. അവരുടെ സ്വന്തം റെസ്റ്റോറന്റ്റ് ആണിത്.

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രസന്ന കാർത്തിക് അവിടെ നിന്നും രുചികരമായ ഇന്ത്യൻ ഭക്ഷണത്തെ കഴിച്ച വിശേഷം എക്‌സിൽ പങ്കുവെച്ചതോടെയാണ് ശ്രദ്ധേയമായത്. അതേസമയം, ഒരു ദക്ഷിണേന്ത്യൻ റെസ്റ്റോറന്റിൽ കൂടുതലും ഇന്ത്യൻ കസ്റ്റമർമാർ ഉണ്ടാകുമെന്ന് വിചാരിക്കുന്നുവെങ്കിൽ അവിടെയും നിങ്ങൾക്ക് തെറ്റി. അത് അങ്ങനെയല്ല. അവിടെ വിളമ്പുന്ന ഭക്ഷണത്തോട് അങ്ങേയറ്റം കൊതിയോടെ എത്തുന്ന ജാപ്പനീസ് ഉപഭോക്താക്കളെക്കൊണ്ട് റെസ്റ്റോറന്റ് നിറഞ്ഞിരിക്കുന്നു.

Read also: വരന് ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ മടിയുണ്ടാകരുത്, ട്രെൻഡിങ്ങ് പാട്ടിനൊപ്പം കണ്ടന്റ് ചെയ്യാൻ അറിയണം; വേറിട്ടൊരു വിവാഹ പരസ്യം

യഥാർത്ഥ ഇന്ത്യൻ ശൈലിയിൽ കൈകൊണ്ട് ഭക്ഷണം കഴിക്കാൻ ‘തഡ്‌ക’ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഹൃദ്യമായ കാര്യം. റെസ്റ്റോറന്റ് ഉടമകൾ യഥാർത്ഥത്തിൽ ഇന്ത്യൻ സംസ്കാരം സ്വീകരിച്ചുകഴിഞ്ഞു. അവർ ദക്ഷിണേന്ത്യയുടെ ഫിൽട്ടർ കോഫി പോലും പഠിച്ചുകഴിഞ്ഞു. നമ്മുടെ സംസ്കാരം മറ്റൊരു രാജ്യത്ത് അവരിലൂടെ തന്നെ സ്വീകരിക്കപ്പെടുന്നത് കാണുമ്പോൾ മനസ് നിറയുമെന്നത് എത്ര യാഥാർഥ്യമാണ്!

Story highlights- South Indian restaurant serving authentic dosa and idli in Kyoto