ചിത്രീകരണയാത്രയുമായി പൃഥ്വിരാജ്; കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയേറ്ററിലേക്ക്..

November 29, 2023
Aadujeevitham release update shared by Prithviraj

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്റെ വിഖ്യാത കൃതി ‘ആടുജീവിത’ത്തെ ആസ്പദമാക്കി പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രമാണിത്. ചിതത്തിന്റെ റിലീസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ( Aadujeevitham release update shared by Prithviraj )

ആടുജീവിതവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് റിലീസിനെക്കുറിച്ചുള്ള വിവരം പങ്കുവച്ചിട്ടുള്ളത്. നവംബര്‍ 30ന് നാല് മണിക്ക് ആടുജീവിതത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കും. പ്രതീക്ഷയെ പുനര്‍നിര്‍വചിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ആടുജീവിതം’ ചിത്രീകരണയാത്രയെ കുറിച്ചുള്ള ചെറിയൊരു വീഡിയോയാണ് പൃഥ്വിരാജ് പങ്കുവച്ചിട്ടള്ളത്. 2018 മാര്‍ച്ച് മാസത്തില്‍ കേരളത്തില്‍ വച്ചാണ് ‘ആടുജീവിതം’ ചിത്രീകരണത്തിന് തുടക്കമായത്. 2019-ല്‍ ജോര്‍ദാനില്‍ എത്തിയ സംഘം 2020 മാര്‍ച്ച് വരെ അവിടെ ഷൂട്ടിങ് തുടര്‍ന്നു. ഇതിനിടെ കൊവിഡെത്തിയതോടെ ഷൂട്ടിങിന് തടസം നേരിടുകയും സംഘം ജോര്‍ദാനില്‍ കുടുങ്ങുകയും ചെയ്തിരുന്നു.

തുടര്‍ന്ന രണ്ട് വര്‍ഷത്തിന് ശേഷം 2022 ഏപ്രിലില്‍ അള്‍ജീരിയയിലാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. ശേഷം മെയ് മാസത്തിലാണ് വീണ്ടും ജോര്‍ദാനില്‍ ചിത്രീകരണം നടന്നത്. ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Read Also : കാതലുള്ള ബന്ധങ്ങളുടെ, തിരിച്ചറിവുകളുടെ ‘കാതൽ- ദി കോർ’

ചിത്രീകരണം ആരംഭിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘ആടുജീവിതം’ തീയേറ്ററിലെത്തുന്നത്. അതുകൊണ്ടുതന്നെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ റിലീസായാണ് ആടുജീവിതം എത്തുക.

സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നജീബ് എന്ന കഥാപാത്രത്തിനായി വരുത്തിയ രൂപമാറ്റം ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമാക്കായി 30 കിലോയോളം ശരീരഭാരമാണ് താരം കുറച്ചിരുന്നത്.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. കെ.എസ് സുനില്‍ ഛായാഗ്രാഹണം നിര്‍വഹിച്ചപ്പോള്‍ പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

Story Highlights: Aadujeevitham release update shared by Prithviraj