കോലിക്കും രാഹുലിനും ഫിഫ്റ്റി; ഓസീസിന് ആറാം കിരീടം 241 റണ്സകലെ
ഓസ്ട്രേലിയക്ക് മുന്നില് ചെറിയ വിജയലക്ഷ്യം വച്ചുനീട്ടി ടീം ഇന്ത്യ. ടോസ് നഷ്ടമായി അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില് 240 റണ്സാണെടുത്തത്. വിരാട് കോലിയുടെയും കെ.എല് രാഹുലിന്റെയും അര്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ 200 കടത്തിയത്. ഓസ്ട്രേലിയക്കായി മിച്ചല് സ്റ്റാര്ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള് നായകന് പാറ്റ് കമിന്സ് രണ്ട് വിക്കറ്റ് നേടി. ( India VS Australia Cricket World Cup Final 2023 )
മിച്ചല് സ്റ്റാര്ക്ക്, പാറ്റ് കമിന്സ്, ഹെയ്സല്വുഡ് എന്നിവരടങ്ങിയ ഓസീസ് ബൗളര്മാര് കണിശതയോടെ പന്തെറിഞ്ഞതോടെ ഇന്ത്യന് ബാറ്റര്മാര് റണ്സ് കണ്ടത്താന് നന്നായി ബുദ്ധിമുട്ടി. ബൗണ്ടറി ലൈനില് ഫീല്ഡരമാര് നടത്തിയ പ്രകടനവും ഇന്ത്യയുടെ സ്കോറിങ്ങിനെ കാര്യമായി പിന്നോട്ടടിച്ചു. ഈ പ്രകടനത്തിന് മുന്നില് ഇന്ത്യക്ക് നേടാനായത് 13 ഫോറും മൂന്ന് സിക്സും മാത്രമാണ്. ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഇതാദ്യമായാണ് ഈ ലോകകപ്പില് ഓള് ഔട്ടാകുന്നത്.
ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ ശുഭ്മാന് ഗില്ലിനെ (7 പന്തില് 4) നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ രോഹിത് ശര്മ ഒരറ്റത്ത് ആക്രമിച്ചപ്പോള് ഗില് താളം കണ്ടെത്താൻ പ്രയാസപ്പെടുകയായിരുന്നു.
Read Also: ഒരു ലോകകപ്പില് കൂടുതല് റണ്സ് നേടിയ നായകന്; കലാശപ്പോരില് റെക്കോഡുമായി രോഹിത്
തുടര്ന്നെത്തിയ കോലിയ്ക്ക് ഒപ്പം രോഹിത് ആക്രമണം തുടര്ന്നു. എന്നാല് പവര്പ്ലേയുടെ അവസാന ഓവറില് ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. തുടര്ച്ചയായ രണ്ടാം മത്സരത്തിലും അര്ധ സെഞ്ച്വറിക്കരികെ നായകൻ വീണു. കോലിയ്ക്കൊപ്പം 45 റണ്സാണ് രോഹിത് ചേര്ത്തത്.
തുടര്ന്നെത്തിയ ശ്രേയസ് അയ്യർ വേഗത്തിൽ മടങ്ങി. പിന്നീട് ക്രീസിലെത്തിയ രാഹുലിനെ കൂട്ടുപിടിച് ഏറെ ശ്രദ്ധയോടെയാണ് കോലി ബാറ്റ് വീശിയത്. അര്ധ സെഞ്ച്വറി പിന്നിട്ടതിന് തൊട്ടുപിന്നാലെ കോലിയെ പുറത്താക്കിയ പാറ്റ് കമിന്സാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്കിയത്. 8 റൺസെടുത്തു ജഡേജയും മടങ്ങി. 200 കടന്നതിന് പിന്നാലെ രാഹുലും വീണു. പിന്നീടെത്തിയ ആർക്കും കാര്യമായി റൺസ് ഉയർത്താനായില്ല.
India VS Australia Cricket World Cup Final 2023