ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ നായകന്‍; കലാശപ്പോരില്‍ റെക്കോഡുമായി രോഹിത്‌

November 19, 2023
Rohit Sharma highest-scoring captain in a single World Cup

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ റെക്കോഡുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ മത്സരത്തില്‍ തകര്‍ത്തടിച്ച തുടങ്ങിയ ഹിറ്റ്മാന്റെ കരുത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പിന്നാലെ വ്യക്തിഗത സ്‌കോര്‍ 47 നില്‍ക്കെ കൂറ്റനടിക്ക് ശ്രമിച്ചാണ് രോഹിത് മടങ്ങിയത്. ( Rohit Sharma highest-scoring captain in a single World Cup )

ക്യാപ്റ്റനെന്ന നിലയില്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡുമായാണ് രോഹിത് പവലിയനിലേക്ക് മടങ്ങിയത്. ന്യുസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ പേരിലുള്ള റെക്കോഡാണ് മറികടന്നത്. ഈ ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്നായി 597 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

ഓസീസിനെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 29-ല്‍ എത്തിയപ്പോഴാണ് 2019 പതിപ്പില്‍ വില്യംസണ്‍ നേടിയ 578 റണ്‍സ് മറികടന്നത്. നേരത്തെ, ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെയും 36-കാരൻ മറികടന്നിരുന്നു. കൂടുതല്‍ റണ്‍സ് നേടിയ നായകന്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ള ഇന്ത്യന്‍ താരവും രോഹിത് മാത്രമാണ്.

ശ്രീലങ്കയുടെ മഹേല ജയവര്‍ധന ( 548 റണ്‍സ്), ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് (539 റണ്‍സ്), ഓസ്‌ട്രേലിയയുടെ തന്നെ ആരോണ്‍ ഫിഞ്ച് (507 റണ്‍സ്), സൗരവ് ഗാംഗുലി (2003-ല്‍ 456 റണ്‍സ്), ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (2011-ല്‍ 465 റണ്‍സ്) എന്നിവരാണ് യഥാക്രമം പിന്നിലുള്ള നായകന്മാർ.

അതേസമയം 22 ഓവര്‍ പൂര്‍ത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിതിനെ കൂടാതെ നാല് റണ്‍സ് വീതമെടുത്ത ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്കും രോഹിതിനെ മാക്‌സ്വെല്ലും പുറത്താക്കിയപ്പോള്‍ പാറ്റ് കമിന്‍സാണ് ശ്രേയസിനെ വിക്കറ്റിന് പിന്നില്‍ ജോഷ് ഇംഗ്ലീസിന്റെ കൈകളിലെത്തിച്ചത്.

Read Also : 2003 ആവർത്തിക്കുമോ..? അതോ ഇന്ത്യ കിരീടം ചൂടുമോ.. ഒരു ജയമകലെ മോഹക്കപ്പ്

കോലി- രാഹുല്‍ സഖ്യമാണ് നിലവില്‍ ബാറ്റിങ് തുടരുന്നത്. അര്‍ധ സെഞ്ച്വറി നേടിയ കോലിയുടെ ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവനും. മധ്യനിരയില്‍ രാഹുല്‍ നിലയുറപ്പിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് വലിയ സ്‌കോറിലെത്താം.

Story Highlights : Rohit Sharma highest-scoring captain in a single World Cup