2003 ആവർത്തിക്കുമോ..? അതോ ഇന്ത്യ കിരീടം ചൂടുമോ.. ഒരു ജയമകലെ മോഹക്കപ്പ്

November 19, 2023
India vs Australia world Cup final 2023

ഏകദിന ക്രക്കറ്റ് ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ ആരവത്തിലാണ് ലോകകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ്, 2003 മാര്‍ച്ച് 23 ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജൊഹാന്നാസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയം. ക്രിക്കറ്റിലെ അതികായരായ ഓസ്‌ട്രേലിയ മൂന്നാം ലോക കിരീടമുയര്‍ത്തിയപ്പോള്‍ മറുവശത്ത് ഹൃദയം തകര്‍ന്ന ഒരു കൂട്ടം ആളുകളുണ്ടായിരുന്നു. ഗാംഗുലിയും സച്ചിനും സെവാഗുമടങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ കിരീടധാരണത്തിനായി കാത്തിരുന്നവരുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തിയാണ് റിക്കി പോണ്ടിങ്ങിന്റെ ഓസീസ് സംഘം കിരീടത്തില്‍ മുത്തമിട്ടത്. ( India vs Australia cricket World Cup final 2023)

വാണ്ടറേഴ്‌സിൽ 125 റണ്‍സിനായിരുന്നു കംഗാരുപ്പടയുടെ വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ്‌ ചെയ്ത ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 359 റണ്‍സ്. നായകന്‍ റിക്കി പോണ്ടിങ്ങിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസീസ് ഇന്ത്യക്ക് മുന്നില്‍ വലിയ വിജയലക്ഷ്യം വച്ചുനീട്ടിയത്. 121 പന്തില്‍ 140 റണ്‍സെടുത്ത പോണ്ടിങ്ങ് പുറത്താകാതെ നിന്നു. അര്‍ധ സെഞ്ച്വറിയുമായി ആഡം ഗില്‍ക്രിസ്റ്റും ഡാമിയ മാര്‍ട്ടിനും മികച്ച സംഭാവന നല്‍കി. ഓസീസിന്റെ പേരുകേട്ട ബാറ്റിങ് നിരയെ വിറപ്പിക്കാനാകാതെ ഇന്ത്യന്‍ ബോളര്‍മാര്‍ ആയുധം വച്ച് കീഴടങ്ങിയതും പോണ്ടിങ്ങിനെയും സംഘത്തെയും വലിയ വിജയലക്ഷ്യത്തിലേക്ക് നയിച്ചു.

മറുപടി ബാറ്റിങ്ങില്‍ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യന്‍ ടീമിനായി വിരേന്ദര്‍ സെവാഗ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാല് റണ്‍സുമായി സച്ചിന്‍ നിരാശപ്പെടുത്തിയപ്പോള്‍ രാഹുല്‍ ദ്രാവിഡും യുവരാജ് സിങ്ങും മാത്രമാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. പിന്നീട് ക്രീസിലെത്തിയവരെല്ലാം കളി മറന്നതോടെ 39.4 ഓവറില്‍ 234 റണ്‍സ് മാത്രമെടുത്ത്, വിജയത്തിന് 125 റണ്‍സകലെ പരാജയം സമ്മതിക്കുകയായിരുന്നു.

ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കണക്ക് തീര്‍ക്കാനുള്ള അവസരമാണ് ഇന്ത്യന്‍ ടീമിന് മുന്നിലുള്ളത്. ലോകകപ്പിലുടനീളം പരാജയമെന്തന്നറിയാതെ കുതിക്കുന്ന രോഹിതിനും സംഘത്തിനും അന്ന് ടീമംഘമായിരുന്ന രാഹുല്‍ ദ്രാവിഡിനെ സാക്ഷിയാക്കി 2003ലെ കണ്ണീരിന് പകരം ചോദിക്കാം.

പത്തില്‍ പത്ത് ജയത്തോടെ ഉശിരന്‍ ഫോമിലാണ് ഇന്ത്യ ടീം. ബാറ്റമാരും ബോളര്‍മാരും ഉജ്വല ഫോമില്‍… ക്രിക്കറ്റ് ചരിത്രത്തിലെ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കി കുതിക്കുന്ന വിരാട് കോലി ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലാണ്. ഈ ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ ബഹുദൂരം മുന്നിലുള്ള കോലി, സച്ചിന്റെ പേരിലുള്ള നിരവധി റെക്കോഡുകളാണ് മാറ്റിയെഴുതിയത്. ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്ന ശേഷം ആദ്യ ഇലവനില്‍ ഇടംപിടിച്ച മുഹമ്മദ് ഷമിയുടെ തീതുപ്പുന്ന പന്തുകള്‍ ഓസീസ് നിരയെ വിറപ്പിക്കും..

എന്നാല്‍ 1,30,000-ലധികം വരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ കിരീടുമുയര്‍ത്തുക എന്നത് അത്ര എളുപ്പമല്ല. എതിരാളികള്‍ ശക്തരാണ്. ആദ്യ മത്സരങ്ങളിലെ തോല്‍വികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കരുത്താര്‍ജിച്ച ഓസീസ് പട. പരിചയസമ്പന്നരായ ബാറ്റര്‍മാരും തീതുപ്പുന്ന പേസര്‍മാരും പേരുകേട്ട ഫീല്‍ഡിങ് നിരയും അടങ്ങിയതാണ് പാറ്റ് കമിന്‍സിന്റെ ഓസീസ് പട.

ലീഗ് ഘട്ടത്തില്‍ ഓസീസിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസം ഇന്ത്യക്ക് കരുത്തേകും. എന്നാല്‍ തുടക്കത്തിലെ ഓസീസല്ല ഫൈനലിലെത്തിയ ഓസീസ്. മട്ടും ഭാവവും അടുമുടി മാറിയ സംഘടിത ടീം. ഒറ്റയ്ക്ക് കളി കൈപിടയിലാക്കാന്‍ കരുത്തുള്ള മാക്‌സവെല്ലുള്‍പ്പെടെയുള്ളവരുണ്ട്. ഷമിക്കൊപ്പം ബുമ്രറയും സിറാജും കുല്‍ദീപും ചേരുന്നതോടെ വാര്‍ണറും മാര്‍ഷും സ്മിത്തുമടക്കമുള്ളവരെ ഇന്ത്യക്ക് തളയ്ക്കാനാകും. രോഹിതും കോലിയും ഗില്ലും അയ്യറുമടങ്ങുന്ന ടോപ് ഓര്‍ഡര്‍ തിളങ്ങിയാല്‍ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ നല്ല വിയര്‍പ്പൊഴുക്കേണ്ടിവരും. അതോടൊപ്പം നിര്‍ണായക മത്സരങ്ങളില്‍ വന്നുചേരുന്ന നിര്‍ഭാഗ്യങ്ങളും വന്നുചേര്‍ന്നില്ലെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും.

Read Also: രോഹിത് ശർമ്മ ‘ദ അൾട്രാ-അഗ്രസീവ് ബാറ്റർ’; ലോകകപ്പിൽ ഇന്ത്യൻ ബാറ്റിംഗ് കരുത്ത്

ഇനിയൊരു ജയം മാത്രമകലെയാണ് ഇന്ത്യയെ മൂന്നാം ലോകകിരീടം കാത്തിരിക്കുന്നത്. 2019-ലെ സെമി തോല്‍വിക്ക് ന്യുസിലന്‍ഡിനോട് കണക്കുതീര്‍ത്ത ഇന്ത്യയ്ക്ക് 2003-ലെ കണ്ണീരോര്‍മയ്ക്ക് പകരം ചോദിക്കാനാകുമോ… ടൂര്‍ണമെന്റിലുടനീളമുള്ള ഫോം തുടരാനായാല്‍ അഹമ്മദാബാദിലെ ഒരു ലക്ഷത്തിലധികം വരുന്ന ആരാധകര്‍ക്ക് മുന്നില്‍ ഇന്ത്യക്ക് കിരീടമുയര്‍ത്താം.. കപിലിനും ധോണിയ്ക്കുമൊപ്പം ഇതിഹാസ നായകരുടെ പട്ടികയില്‍ രോഹിതിനും ഇടം പിടിക്കാം…

Story Highlights: India vs Australia cricket World Cup final 2023