രോഹിത് ശർമ്മ ‘ദ അൾട്രാ-അഗ്രസീവ് ബാറ്റർ’; ലോകകപ്പിൽ ഇന്ത്യൻ ബാറ്റിംഗ് കരുത്ത്

November 18, 2023
Rohit Sharma’s high-risk batting in Power play in cricket world cup

ഏകദിന ക്രിക്കറ്റ് ലോകകപ്പ് കലാശപോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. ക്രിക്കറ്റിലെ അതികായരായ ഓസ്ട്രേലിയയും ആതിഥേയരായ ഇന്ത്യയുമാണ് ഫൈനൽ മത്സരത്തിൽ നേർക്കുനേർ പോരടിക്കുന്നത്. അപരാജിത കുതിപ്പുമായി ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ റെക്കോർഡുകൾ തകർത്ത മുന്നേറുന്ന വിരാട് കോലി, മുഹമ്മദ് ഷമി, നാലാം നമ്പറിൽ ക്രീസിലെത്തി നിർണായക ഇന്നിങ്‌സുകൾ പടുത്തുയർത്തുന്ന ശ്രേയസ് അയ്യർ എന്നിവരെല്ലാം പ്രശംസക്ക് അർഹരാണ്. എന്നാൽ ഇന്നിങ്സിന്റെ ആദ്യ പന്ത് മുതൽ ആക്രമണ ക്രിക്കറ്റ് പുറത്തെടുത്തുകൊണ്ട് മികച്ച തുടക്കം നൽകുന്നതിൽ നായകൻ രോഹിത് ശർമയുടെ പ്രകടനത്തിന് വലിയ പങ്കാണുള്ളത്. ( Rohit Sharma’s high-risk batting in Power play in cricket world cup )

രോഹിത് തുടക്കമിടുന്ന സ്വപ്നതുല്യ തുടക്കത്തിന്റെ ആത്മവിശ്വാസത്തിലാണ്, തുടർന്ന് ക്രീസിലെത്തുന്ന ബാറ്റർമാർ ടീമിനെ വലിയ സ്കോറുകളിലേക്ക് നയിക്കുന്നത്. വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ വിജയത്തിനായി കളിക്കുന്ന രോഹിതിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യൻ ടീമിലെ യുവതാരങ്ങൾക്ക് നൽകുന്ന പ്രചോദനം അത്ര ചെറുതല്ല. ടോപ് ഓർഡറിൽ ശുഭമാൻ ഗില്ലിനെ കൂട്ടുപിടിച്ചുകൊണ്ട് നടത്തുന്ന പ്രകടനം ടൂർണമെന്റിൽ ഇന്ത്യയുടെ ആധിപത്യത്തിന് പിന്നിലെ ഒരു പ്രധാന കാരണമാണ്.

ഏറ്റവും അവസാനമായി ന്യൂഡിലൻഡിനെതിരായ സെമി മത്സരത്തിലും രോഹിതിന്റെ പ്രകടനത്തിന് വാങ്കഡേയിൽ എത്തിയ ആരാധകർ സാക്ഷിയായി. ടോസ് നേടിയ രോഹിത് ബാറ്റിംഗ് തെരഞ്ഞെടുത്തതിന് ശേഷം ട്രെന്റ് ബോൾട്ടും ടിം സൗത്തിയും അടങ്ങുന്ന കിവീസ് പേസ് നിര ഇന്ത്യൻ ടോപ്പ് ഓർഡറിന് ഏറ്റവും വലിയ ഭീഷണിയായിരുന്നു. 2019 ലോകകപ്പ് സെമി ഫൈനലിന്റെ കയ്പേറിയ ഓർമ്മകൾ മനസ്സിലുണ്ടായിരുന്ന രോഹിത് തുടക്കം മുതൽ ന്യൂഡിലൻഡ് ബോളർമാരെ നിര്ഭയതോടെ നേരിട്ടതോടെ ഇന്ത്യൻ സ്കോർ ബോർഡ് അതിവേഗം ചലിച്ചു. ബോൾട്ടിന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് ബൗണ്ടറികളോടെ ഹിറ്റ്മാൻ വെടിക്കെട്ടിന്റെ സൂചന നൽകി. തുടർന്ന് നാല് സിക്‌സറുകൾ പരത്തിയ മറ്റൊരു കൂറ്റനടിക്കുള്ള ശ്രമത്തിലാണ് പുറത്തായത്. 29 പന്തിൽ 47 റൺസുമായി പുറത്താകുമ്പോഴേക്കും നായകൻ ടീമിന് മികച്ച അടിത്തറ ഒരുക്കിയിരുന്നു. ഈ ടൂർണമെന്റിലുടനീളം രോഹിതിന്റെ ബാറ്റിംഗ് ശൈലി ഇങ്ങനെയായിരുന്നു.

Read Also: ചരിത്രം കുറിച്ച് കോഹ്‌ലി; തകർത്തത് സച്ചിന്റെ ദീർഘകാല റെക്കോർഡ്!

ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച അഞ്ച് പവർപ്ലേ സ്‌കോറുകളിൽ നാലെണ്ണം ഈ ടൂർണമെന്റിലാണ് പിറന്നത് എന്നതും ശ്രദ്ധേയമാണ്. പവർപ്ലേയിൽ രോഹിതിന്റെ അൾട്രാ-അഗ്രസീവ് ബാറ്റിങ്ങാണ് ഇതിന്റ പ്രധാന കാരണം. 10 വർഷത്തിനിപ്പുറം ടോപ് ഓർഡറിൽ വിരേന്ദർ സെവാഗിനെപ്പോലെ ഒരു താരത്തിന്റെ അഭാവം നികത്തുന്നതിനും രോഹിതിന്റെ പുതിയ ബാറ്റിംഗ് സമീപനം തുണയായിട്ടുണ്ട്. നിർണായക ഘട്ടങ്ങളിൽ ‘ടീമിനായി സെൻസിബിൾ ഇന്നിംഗ്സ് പുറത്തെടുക്കുന്നതിലും രോഹിത് മിടുക്കനാണ്. 2023-ലെ അദ്ദേഹത്തിന്റെ ഏകദിന മത്സരോത്തോടുള്ള സമീപനം കൂടുതൽ സെഞ്ചുറികളും ഡബിൾ സെഞ്ചുറികളും നേടുന്നതിന് സഹായകമായേക്കില്ല, പക്ഷേ ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഈ രീതി ഫലപ്രദമാണെന്നാണ് കഴിഞ്ഞ മത്സര ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

Story Highlights: Rohit Sharma’s high-risk batting in Power play in cricket world cup