അംഗീകാര തിളക്കത്തിൽ മലയാള സിനിമ; തെക്കൻ അമേരിക്കയിൽ റിലീസിനൊരുങ്ങി ‘2018’!

November 9, 2023

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എന്‍ട്രിയായ ജൂഡ് ആൻറണി ജോസഫ് ചിത്രം ‘2018: എവെരിവൺ ഈസ് എ ഹീറോ’ (2018: Everyone Is A Hero) തെക്കേ അമേരിക്കയിൽ റിലീസിനൊരുങ്ങുന്നു. ഇതൊരു ചരിത്ര നേട്ടം കൂടിയാണ്. തെക്കൻ അമേരിക്കയിൽ നടക്കുന്ന ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഏറ്റവും വലിയ റിലീസാവും ഇത്. 400 ൽ പരം സ്ക്രീനുകളിലാണ് ചിത്രം റിലീസാകുന്നത്. (Malayalam movie 2018 to be released in South America)

കാവ്യ ഫിലിംസിന്റെ പ്രതിനിധി വേണു കുന്നപ്പിള്ളിയും എം.ബി ഫിലിംസിന്റെ മാർസെലോ ബോൻസിയും ചേർന്നാണ് ഈ ചരിത്രത്തിലേക്ക് ചിത്രത്തെ നയിച്ചത്. ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ സിനിമ സെയിൽസ് വിഭാഗമായ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കാണ് ഈ കരാർ സാധ്യമാക്കിയത്.

‘ആഗോള പ്രേക്ഷകരിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന സ്നേഹത്തിലും പിന്തുണയിലും ഞങ്ങൾ ഏറെ സന്തുഷ്ടരാണ്. തെക്കൻ അമേരിക്കയിലേയ്ക്ക് ഇന്ത്യൻ സിനിമകൾ എത്തുന്നതിന് ‘2018’ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അറിയുന്നത് ഞങ്ങളെ ആവേശഭരിതരാക്കുകയാണ്. സംസ്‌കാരത്തിനപ്പുറം പ്രേക്ഷകർക്ക് പ്രചോദനം നൽകുന്ന സാമൂഹിക സന്ദേശമാണ് കൂടെയാണ് ചിത്രം നൽകുന്നത്. തെക്കേ അമേരിക്കൻ ജനങ്ങളുടെ ഹൃദയത്തിൽ ‘2018’ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’, നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറയുന്നു.

Read also: തുടക്കം മമ്മൂട്ടി ചിത്രത്തിലൂടെ; മലയാള സിനിമയിൽ ആദ്യമായി പര്‍സ്യുട്ട് ക്യാമറ!

ഡാം ദുരന്തങ്ങളും വെള്ളപ്പൊക്കവും പോലുള്ള സാഹചര്യങ്ങൾ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഈ കൊല്ലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയെ തെക്കേ അമേരിക്കയിലേക്ക് പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. അംഗീകാരങ്ങൾക്കപ്പുറം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള സന്ദേശമാണ് ഞങ്ങളെ ആകർഷിച്ചത്. രാജ്യത്ത് സമാനമായ വെല്ലുവിളികൾ ഞങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെ ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തിൽ 400 തിയേറ്ററുകളിലെങ്കിലും ‘2018’ എത്തിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്’, എം.ബി ഫിലിംസിന്റെ സിഇഓ മാർസെലോ ബോൻസിയുടെ വാക്കുകൾ.

ഓസ്കർ നോമിനേഷനുകൾ അടുത്തിരിക്കുന്ന സമയത്ത് പ്രചാരണങ്ങളും മറ്റുമായി ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണിയും അമേരിക്കയിലുണ്ട്.

Story highlights: Malayalam movie 2018 to be released in South America