ബോക്സോഫീസ് സർവ്വകാല റെക്കോർഡുകൾ തൂത്തുവാരി ‘2018 Everyone Is A Hero’

May 15, 2023

മലയാള സിനിമയുടെ ചരിത്രം തിരുത്തി തിയറ്ററുകളിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ‘2018 Everyone Is A Hero’. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് കണ്ട് ഞെട്ടിത്തരിച്ചിരിക്കയാണ് മലയാള സിനിമ ഇന്റസ്ട്രിയും പ്രേക്ഷകരും. റിലീസ് ചെയ്ത് ഒൻപതാം ദിനത്തിൽ 5 കോടിയും 18 ലക്ഷവുമാണ് ചിത്രത്തിന്റെ കളക്ഷൻ. ആ​ഗോള കളക്ഷൻ 80 കോടിയിലധികം നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് മലയാള സിനിമ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. ആദ്യവാരം പിന്നിടുമ്പോൾ തന്നെ ഇത്രയും വലിയൊരു തുക സ്വന്തമാക്കിയ ‘2018 Everyone Is A Hero’ മലയാള സിനിമയുടെ പ്രതിഛായ മാറ്റിമറിച്ചിരിക്കുകയാണ്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ നിറകണ്ണുകളോടെ പുറത്തിറങ്ങുമ്പോൾ അവർ ഒറ്റ ശ്വാസത്തിൽ വിളിച്ച് പറയുന്നുണ്ട്, ഇത് കേരളീയരുടെ വിജയമാണെന്ന്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി നടനും സംവിധായകവനും നിർമ്മാതാവുമായ ജൂഡ് ആന്തണി ജോസഫ് സംവിധാനം നിർവ്വഹിച്ച ‘2018 Everyone Is A Hero’ മെയ് 5 നാണ് തിയറ്റർ റിലീസ് ചെയ്തത്.

Read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ. അഖിൽ ജോർജ്ജാണ് ഛായാ​ഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വർഷവും ആ വർഷത്തിൽ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃഷ്യാവിഷ്ക്കരിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്, ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്, ഡിസൈൻസ് : യെല്ലോടൂത്.

Story highlights- movie review ‘2018 Everyone Is A Hero’