‘കണ്ണാടിയിൽ തെളിയുന്ന രൂപമായിരുന്നു ഏറ്റവും വലിയ വേദന’; കളിയാക്കലുകളിൽ പതറാതെ മുന്നേറി യുവാവ്!

November 23, 2023

എപ്പോഴെങ്കിലും നമ്മൾ പൂർണതയുള്ളവരാണെന്ന് തോന്നിയിട്ടുണ്ടോ? കണ്ണിന്റെയും മൂക്കിന്റെയും വലിപ്പം, ചുണ്ടുകളുടെ ആകൃതി, നിറം, വണ്ണം, നീളം, പൊക്കം, ഇതിലൊന്നും നമ്മൾ ഒരിക്കലും സംതൃപ്തരല്ല. ഒന്നിലും ഒരിക്കലും തൃപ്തരാകാൻ കഴിയാത്ത നമുക്കുള്ള സാക്ഷ്യമാണ് ആശിഷ് സെയ്നി എന്ന യുവാവിന്റെ ജീവിതം.

തനിക്ക് ചുറ്റുമുള്ള എല്ലാവരേയും പോലെ 13 കാരനായ ആശിഷ് ഒരു സാധാരണക്കാരനായി കാണപ്പെടാൻ ആഗ്രഹിച്ചു. ആശിഷിനു ജീവിതം പൊതുവെ ഒരു വെല്ലുവിളിയായിരുന്നു. മുഖത്തിന്റെ ഇടതുഭാഗത്തെ വികൃതമാക്കിയ ലിംഫറ്റിക് മാൽഫോർമേഷൻ എന്ന അപൂർവമായ വൈകല്യത്തോടെ ജനിച്ച കുട്ടിക്ക് കണ്ണാടിയിൽ തെളിയുന്ന രൂപമായിരുന്നു ഏറ്റവും വലിയ വേദന.

ജനിച്ച നാൾ മുതൽ നിരന്തരമായ കളിയാക്കലുകളും വെറുപ്പും മാത്രമായിരുന്നു മറ്റുള്ളവരിൽ നിന്നും ആശിഷിന് കിട്ടിയിരുന്നത്. വെറും പൊള്ളയായ കാര്യങ്ങൾ പലപ്പോഴും ആളുകൾ അവനെ കുറിച്ച് പറഞ്ഞു പരത്തി. അവന് ബുദ്ധിമാന്ദ്യമാണ്, ഊമയാണ്, ശരിയായി ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല എന്നിങ്ങനെയുള്ള കുത്തുവാക്കുകളും ചായം പുരട്ടിയ സഹതാപാവും ആശിഷിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

Read also: ഏഴാം ക്ലാസിൽ തോറ്റു, വെയിറ്ററായി ജോലി ചെയ്തു; തോൽ‌വിയിൽ നിന്ന് ഉയർച്ചയുടെ പടവുകൾ കയറിയ നടൻ!

കാര്യങ്ങൾ മാറേണ്ടതുണ്ടെന്നതിൽ അവന് തീരെ സംശയമുണ്ടായിരുന്നില്ല. സ്വയം കണ്ടെത്താനുള്ള ഈ യുവാവിന്റെ യാത്ര അത്ര എളുപ്പവുമായിരുന്നില്ല. തന്നെ പൂർണ്ണമായി അംഗീകരിക്കാനും ആശ്ലേഷിക്കാനും അവന് കുറച്ച് സമയമെടുത്തു. പത്തോളം ശസ്ത്രക്രിയകൾക്ക് വിധേയനായെങ്കിലും അതൊന്നും അവനെ വേദനിപ്പിച്ചില്ല. പക്ഷെ മുൻവിധികളോടെയുള്ള നോട്ടങ്ങൾ വേദന മാത്രമാണ് ബാക്കി വെച്ചത്.

ഇന്ന് ആശിഷിനു 31 വയസ്സുണ്ട്. മറ്റുള്ളവരെപ്പോലെ വെറും സാധാരണക്കാരനാവാൻ ഇന്നയാൾ ഇഷ്ടപ്പെടുന്നില്ല. സമൂഹത്തെ അഭിമുഖീകരിക്കാൻ ഭയപ്പെടുന്നില്ല. ഒരു ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായ ആശിഷിന് ഒരു മോഡലാകണമെന്നാണ് ആഗ്രഹം. ഫാഷൻ ഏറെ ഇഷ്ടപ്പെടുന്ന ആശിഷിന് സ്വന്തമായി ഒരു ബ്ലോഗും ഉണ്ട്.

Story highlights: Man with lymphatic malformation sets example to many