“ഞാൻ സഹായിക്കാം”; ഹൃദയങ്ങൾ കവർന്ന് ഷാരൂഖ്, സ്റ്റേഡിയത്തിൽ നിന്ന് ഹൃദ്യമായൊരു കാഴ്ച്ച!

November 20, 2023

അഹമ്മദാബാദിൽ ഇന്നലെ നടന്ന ലോകകപ്പ് ഫൈനൽ മത്സരം കഴിഞ്ഞ് മണിക്കൂറുകൾ കടന്നിട്ടും സോഷ്യൽ മീഡിയ ഇപ്പോഴും വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആരവങ്ങൾക്കിടയിൽ സംഗീത വിസ്മയം ആശാ ഭോസ്‌ലെയെ സ്റ്റേഡിയത്തിൽ സഹായിക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോയാണ് ഇപ്പോൾ നിരവധി പേരുടെ ശ്രദ്ധ ആകർഷിക്കുന്നത്. (Shah Rukh Khan wins hearts as he helps Asha Bhosle)

ഇന്ത്യയ്ക്കകത്തും പുറത്തും വൻ ആരാധകവലയമുള്ള നടനാണ് ഷാരൂഖ് ഖാൻ. കുടുംബത്തോടൊപ്പം മത്സരം കാണാൻ എത്തിയ നടൻ ആശാ ഭോസ്‌ലെയ്ക്കും ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കുമിടയിലാണ് ഇരുന്നത്.

വീഡിയോയിൽ ആശാ ഭോസ്‌ലെയുടെ കയ്യിൽ നിന്ന് ഒഴിഞ്ഞ കപ്പ് എടുക്കാൻ ഷാരൂഖ് നിർബന്ധിക്കുന്നതായി കാണാം. വേണ്ടെന്ന് ആശാ ഭോസ്‌ലെ ആംഗ്യം കാണിച്ചിട്ടും ഷാരൂഖ് എഴുന്നേറ്റ് അത് എടുത്തുകളയുന്നു. കപ്പുമായി നടന്നു നീങ്ങുമ്പോൾ മറ്റൊരാൾ നടനെ ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ കൈയിൽ നിന്ന് കപ്പ് എടുക്കുകയും ചെയ്യുന്നു.

Read also: ‘കത്തിലെന്താ എഴുതിയിരിക്കുന്നതെന്ന് നമുക്ക് അറിയണ്ടേ?’- ഉർവശിയുടെ ഹിറ്റ് രംഗവുമായി വൃദ്ധിക്കുട്ടി

വിഡിയോയോട് പ്രതികരിച്ച് നിരവധി ആരാധകരാണ് അദ്ദേഹത്തെ പ്രശംസിച്ചത്. “IND vs AUS ഫൈനലിൽ ഞാൻ കണ്ട ഒരേയൊരു ഹൃദയസ്പർശിയായ ദൃശ്യം” എന്ന കുറിപ്പോടെ വ്യവസായി ഹർഷ് ഗോയങ്കയാണ് X-ൽ ഈ വിഡിയോ പോസ്റ്റ് ചെയ്തത്.

ഭാര്യ ഗൗരി ഖാനും മക്കളായ സുഹാന ഖാൻ, ആര്യൻ ഖാൻ, അബ്രാം ഖാൻ എന്നിവരോടൊപ്പം കുടുംബസമേതമാണ് ഷാരൂഖ് മത്സരം കാണാനെത്തിയത്. ഖാൻ കുടുംബത്തെ കൂടാതെ, ദീപിക പദുക്കോൺ, രൺവീർ സിംഗ്, ആയുഷ്മാൻ ഖുറാന, ഷനായ കപൂർ തുടങ്ങി നിരവധി സെലിബ്രിറ്റികളും സ്റ്റേഡിയത്തിലുണ്ടായിരുന്നു.

Story highlights: Shah Rukh Khan wins hearts as he helps Asha Bhosle