ആഡ് ബ്ലോക്കറുകളെ വിലക്കി യൂട്യൂബ്; പരസ്യമില്ലാതെ കാണാന്‍ ഇനി സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ബന്ധം

November 28, 2023
YouTube bans Ad blocker apps used for ad free viewing

ലോകത്തിലെ ഏറ്റവും വലിയ വിഡിയോ പ്ലാറ്റ്‌ഫോമാണല്ലോ യൂട്യൂബ്. കോടിക്കണക്കിനാളുകളാണ് ദിവസവും യൂട്യൂബ് ഉപയോഗിക്കുന്നത്. തുടര്‍ച്ചയായി വീഡിയോകള്‍ കാണുന്നതിനിടെ വരുന്ന പരസ്യങ്ങള്‍ പലപ്പോഴും അലോസരപ്പെടുത്താറില്ലേ.. അത്തരത്തില്‍ പരസ്യങ്ങള്‍ ഇല്ലാതെ വീഡിയോ കാണുന്നതിനായി പലരും ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കാറുണ്ട്. ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ എക്സ്റ്റന്‍ഷനായി ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നതിലൂടെ പരസ്യങ്ങളില്ലാതെ വീഡിയോ കാണാമായിരുന്നു. എന്നാല്‍ ഇനിമുതല്‍ ഇങ്ങനെ യൂട്യൂബിനെ കബളപ്പിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ( YouTube bans Ad blocker apps used for ad free viewing )

ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കടിഞ്ഞണിടാനാണ് യൂട്യൂബ് അധികൃതരുടെ തീരുമാനം. പരസ്യങ്ങളില്ലാതെ വീഡിയോ കാണണമെങ്കില്‍ ഇനി സബ്സ്‌ക്രിപ്ഷന്‍ നിര്‍ബന്ധമാക്കും. പണം നല്‍കിയാല്‍ മാത്രമേ പരസ്യങ്ങള്‍ ഇല്ലാതാകുവെന്ന് ചുരുക്കം. യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ ഇല്ലാത്തവര്‍ക്ക് പരസ്യങ്ങള്‍ കാണേണ്ടിവരും. ഇന്റര്‍നെറ്റ് ബ്രൗസറില്‍ നിന്ന് ആഡ് ബ്ലോക്കര്‍ നീക്കിയില്ലെങ്കില്‍ വിഡിയോ കാണാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്.

യൂട്യൂബിന്റെ പുതിയ നടപടിയില്‍ നിരവധി ആഡ് ബ്ലോക്കിങ് കമ്പനികളാണ് പ്രതിസന്ധിയിലായത്. നിരവധിയാളുകള്‍ തങ്ങളുടെ ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണെന്നാണ് ഈ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ പറയുന്നത്. എല്ലാ രാജ്യങ്ങളിലും പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആഡ് ബോക്കറുകള്‍ ഒഴിവാക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന് ഉറപ്പാണ്. ഗൂഗിള്‍ ക്രോമിലൂടെ് വീഡിയോകള്‍ കാണുന്ന ഉപയോക്താക്കളെയാണ് പുതിയ നിയന്ത്രണം കൂടുതലും ബാധിച്ചത്. ഇതോടെ ആഡ് ബ്ലോക്കറുകള്‍ക്ക് നിയന്ത്രണമില്ലാത്ത മൈക്രോസോഫ്റ്റ് എഡ്ജ് അടക്കമുള്ള മറ്റ് ബ്രൗസറുകള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

Read Also: അമിതമായി യൂട്യൂബ് വീഡിയോ കാണുന്നവരാണോ.. പരിധിവരെ കുറയ്ക്കാന്‍ വഴിയുണ്ട്..

പരസ്യങ്ങളില്ലാതെ വീഡിയോകള്‍ കാണുന്നതിനായി പ്രീമിയം സബ്‌സ്‌ക്രിപ്ന്‍ ഓപ്ഷന്‍ യൂട്യൂബ് നല്‍കുന്നുണ്ട്. എന്നാല്‍ നിരവധിയാളുകള്‍ പ്രീമിയം പതിപ്പിലേക്കാന്‍ മാറാന്‍ തയ്യാറല്ല. ഇത്തരത്തിലുള്ള ഉപയോക്താക്കളാണ് ആഡ് ബ്ലോക്കറുകളുടെ സഹായം തേടുന്നത്. യൂട്യൂബിന്റെ വരുമാനത്തെ ബാധിക്കുന്ന തരത്തില്‍ ആഡ് ബ്ലോക്കറുകളുടെ ഉപയോഗം ഉയര്‍ന്നതോടെയാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയത്.

Story Highlights: YouTube bans Ad blocker apps used for ad free viewing