‘വീട് നഷ്ടമാകും, കുടുംബം കുടിയിറക്കപ്പെടും’; ലക്ഷ്മിക സജീവന്റെ കുടുംബത്തിന് സഹായം തേടി സുഹൃത്തുക്കള്‍

December 23, 2023

കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ അഭിനയമോഹം ഉള്ളിലൊതുക്കി കടല്‍ കടന്നവളായിരുന്നു നടി ലക്ഷ്മിക സജീവന്‍. എന്നാല്‍ തന്റെ സ്വപനങ്ങളിലേക്കുള്ള യാത്രക്കിടയില്‍ അപ്രതീക്ഷമായാണ് അവളെ മരണം തേടിയെത്തിയത്. ഇപ്പോള്‍ താരത്തിന്റെ കുടുംബത്തിന് സഹായം തേടി എത്തിയിരിക്കുകയാണ് സുഹൃത്തുക്കള്‍. ( Actress Lakshmika Sajeevan family issue revealed friends )

അടിയന്തിരമായി ഏഴ് ലക്ഷത്തോളം രൂപ കണ്ടെത്താനായില്ലെങ്കില്‍ ചോര നീരാക്കി ലക്ഷ്മിക പണികഴിപ്പിച്ച വീട് അന്യാധീനമായിപ്പോകും. അതോടെ അവളുടെ മാതാപിതാക്കള്‍ തെരുവിലിറങ്ങേണ്ടി വരികയും ചെയ്യുമെന്ന് കാണിച്ചാണ് സുഹൃത്തുക്കള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു കുറിപ്പിലൂടെയാണ് നടിയുടെ സുഹൃത്തുക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

ലക്ഷ്മികയുടെ സുഹൃത്തുക്കള്‍ പങ്കുവച്ച കുറിപ്പ്; ലക്ഷ്മിക സജീവന്‍ കുടുംബ സഹായ നിധി, അകാലത്തില്‍ പൊലിഞ്ഞു പോയ നമ്മുടെ പ്രിയ നടി ലക്ഷ്മിക സജീവന്റെ മാതാപിതാക്കള്‍ ഏക മകളുടെ വിയോഗത്തില്‍ കടുത്ത ദു:ഖത്തില്‍ നീറിക്കഴിയുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അവര്‍ ജീവിക്കുന്നത്. ഏഴ് ലക്ഷത്തോളം രൂപ അടിയന്തിരമായി കണ്ടെത്തിയില്ലെങ്കില്‍ ലക്ഷ്മിക ചോര നീരാക്കി നിര്‍മ്മിച്ച വീട് അന്യാധീനമായിപ്പോകുകയും മാതാപിതാക്കള്‍ തെരുവിലിറങ്ങേണ്ടി വരികയും ചെയ്യും.

അവരെ സാമ്പത്തികമായി സഹായിക്കേണ്ടത് സഹജീവികളായ നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ആയതിനാല്‍ എല്ലാവരും അവരവരെക്കൊണ്ടാകുന്ന തുകകള്‍ ലക്ഷ്മികയുടെ മാതാവ് ലിമിറ്റ സജീവിന്റെ ഗൂഗിള്‍ പേയിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ നിക്ഷേപിച്ച് ആ കുടുംബത്തെ ഈ പ്രതിസന്ധിയില്‍ നിന്നും കര കയറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Read Also : 17 മണിക്കൂറും 20 മിനിറ്റും കൊണ്ട് 104 കിലോമീറ്റർ നഗ്നപാദനായി താണ്ടി മലയാളി യുവാവ്!

ഡിസംബര്‍ ഏഴിനായിരുന്നു ഷാര്‍ജയില്‍ വെച്ച് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ ലക്ഷ്മിക സജീവനെ മരണം കവര്‍ന്നത്. രണ്ട് ദിവസം മുമ്പായിരുന്നു ലക്ഷ്മികയുടെ ഭൗതികശരീരം ഷാര്‍ജയില്‍ നിന്ന് നാട്ടില്‍ എത്തിച്ചത്. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും ഒറ്റ മകളാണ് ലക്ഷ്മിക. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെ പോരാട്ടങ്ങളിലേക്ക് വെളിച്ചം വീശുന്ന ‘കാക്ക’ എന്ന ടെലിഫിലിമിലെ ലക്ഷ്മികയുടെ പഞ്ചമി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

Story Highlights : Actress Lakshmika Sajeevan family issue revealed friends