17 മണിക്കൂറും 20 മിനിറ്റും കൊണ്ട് 104 കിലോമീറ്റർ നഗ്നപാദനായി താണ്ടി മലയാളി യുവാവ്!

December 23, 2023

ബെംഗളൂരുവിൽ നിന്നുള്ള 34 കാരനായ അൾട്രാ മാരത്തൺ താരം ആകാശ് നമ്പ്യാർ വെറും 17 മണിക്കൂറും 20 മിനിറ്റും കൊണ്ട് 104 കിലോമീറ്റർ താണ്ടി. അതും നഗ്നപാദനായി ദുബായ് തെരുവിലെത്തിയാണ് ഈ നേട്ടത്തിന് അർഹനായത്. ഇൻസ്റ്റാഗ്രാമിൽ ‘ബെയർഫൂട്ട് മല്ലു’ എന്നറിയപ്പെടുന്ന ആകാശ് നമ്പ്യാരുടെ ഈ നേട്ടം കേവലം ശാരീരിക ക്ഷമതയുടെ ഭാഗമായി മാത്രമല്ല. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനത്തിനുള്ള ആഹ്വാനത്തിന്റെ ഭാഗമായാണ് ഈ പ്രയത്നം.

അൽ ഖുദ്രയിലെ ലവ് ലേക്കിൽ നിന്ന് പുലർച്ചെ തന്റെ യാത്ര ആരംഭിച്ച നമ്പ്യാർ, പാം ജുമൈറ, ബുർജ് അൽ അറബ്, കൈറ്റ് ബീച്ച്, ജുമൈറ ബീച്ച്, ലാ മെർ ബീച്ച്, ഇത്തിഹാദ് മ്യൂസിയം, എന്നിവയുൾപ്പെടെ ദുബായിലെ ഏറ്റവും പ്രശസ്തമായ ചില സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു. അർദ്ധരാത്രിയോടെ എത്തിയ ബുർജ് ഖലീഫയായിരുന്നു അദ്ദേഹത്തിന്റെ അവസാന ലക്ഷ്യം. ഈ അസാധാരണ മാരത്തണിലുടനീളം, നമ്പ്യാർ ഷൂസ് ഇല്ലാതെ ഓടി. മിഡിൽ ഈസ്റ്റേൺ ഭൂപ്രദേശത്തെ ചൂട് അറിയാവുന്നവർ ആ ധൈര്യത്തെ സമ്മതിച്ച് കൊടുക്കണം.

ഡിസംബറിൽ നടന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനമായ COP28 സൃഷ്ടിച്ച തരംഗമാണ് ആകാശ് നമ്പ്യാരുടെ വേറിട്ട ആശയത്തിന് പ്രചോദനമായത്. തന്റെ ഓട്ടത്തിലൂടെ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ആവശ്യമായ കൂട്ടായ പരിശ്രമത്തെക്കുറിച്ച് ചർച്ച ചെയ്ത് കമ്മ്യൂണിറ്റി അംഗങ്ങളുമായി ഇടപഴകാൻ അദ്ദേഹം ലക്ഷ്യമിട്ടിരിക്കുന്നു.

Read also: സൗഹൃദത്തിൽ വാർത്തെടുത്ത മാസ്സ് സിനിമാനുഭവം; പ്രേക്ഷക കയ്യടിനേടി സലാർ; ഇത് പ്രഭാസ്- പൃഥ്വിരാജ് മാസ് ഷോ

“അംബരചുംബികളുടെ നഗരമായ ദുബായിക്കുള്ളിൽ ഒരു 100 കിലോമീറ്റർ !! പാം ജുമൈറ, ബുർജ് അൽ അറബ്, കൈറ്റ് ബീച്ച്, ജുമൈറ ബീച്ച്, ലാ മെർ ബീച്ച്, ഇത്തിഹാദ് മ്യൂസിയം, മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്നിവ കടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ അവസാനിച്ചു .ലവ്, ലേക്കിൽ നിന്ന് സൂര്യൻ ഉദിച്ചതിന് ശേഷമാണ് ഓട്ടം ആരംഭിച്ചത്. മൊത്തം 104 കിലോമീറ്റർ,” ആകാശ നമ്പ്യാർ കുറിക്കുന്നു.

Story highlights- Bengaluru man runs 104Km barefoot in Dubai