‘ആർ യൂ ഹാപ്പി’; ഫ്ളവേഴ്സും ട്വൻറിഫോറും ചേർന്നൊരുക്കുന്ന മെന്റൽ ഹെൽത്ത് ക്യാമ്പയിൻ നാളെ മുതൽ!
ഫ്ളവേഴ്സും 24 ന്യൂസും ചേർന്ന് ‘Are you happy‘ എന്ന മെന്റൽ ഹെൽത്ത് ക്യാമ്പയിന് തുടക്കമിടുകയാണ്. നാളെമുതൽ ഡിസംബർ 15 വരെയാണ് ക്യാമ്പയിൻ നീളുന്നത്. സാമൂഹിക കലാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ക്യാമ്പയിനിന്റെ ഭാഗമായി അണിചേരുന്നു. ആരോഗ്യ മേഖലയിലെ വിദഗ്ധരും ക്യാമ്പയിനിന്റെ ഭാഗമാകുന്നുണ്ട്. (Are you Happy | Flowers and TwentyFour news to launch mental health campaign)
ആരോഗ്യവാന്മാരായിരിക്കുക എന്നത് പ്രധാനമാണ്. പക്ഷെ ആരോഗ്യം എന്ന് ചിന്തിക്കുമ്പോൾ നമ്മൾ എപ്പോഴും മുൻഗണന നൽകുന്നത് ശാരീരികാരോഗ്യത്തിന് മാത്രമാണ്. ശരീരത്തിന്റെ ആരോഗ്യം പോലെ, അല്ലെങ്കിൽ അതിലും പ്രാധാന്യമുള്ളതാണ് മാനസികാരോഗ്യം. ആരോഗ്യകരമായ മനസ്സ് ഉണ്ടെങ്കിലെ സന്തോഷകരമായ ജീവിതം നയിക്കാൻ സാധിക്കുകയുള്ളു.
മെന്റൽ ഹെൽത്തിന് അർഹിക്കുന്ന പരിഗണനയും ശ്രദ്ധയും കൊടുക്കാൻ പലപ്പോഴും നമ്മൾ പരാജയപ്പെടാറുണ്ട്. ഇതിനെ സംബന്ധിച്ചുള്ള അറിവുകൾ ശേഖരിക്കാനും ബോധവാന്മാരായിരിക്കാനും പലപ്പോഴും നമ്മൾ ശ്രമിക്കാറില്ല.
നമ്മളിൽ പലരും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവരാകാം. ഒരു പക്ഷെ നമുക്ക് ചുറ്റും നമ്മളറിയാതെ നിശബ്ദരായി കഷ്ടപ്പെടുന്ന നിരവധി പേരുണ്ടാകാം. കണ്ണുകൾ തുറന്ന് അടുത്തുള്ളയാളുടെ നൊമ്പരം മനസ്സിലാക്കാൻ സാധിച്ചാൽ കാർമേഘം മൂടിയ പല ജീവിതങ്ങളിലും പ്രതീക്ഷയുടെ വെളിച്ചം പകരാൻ നമുക്ക് സാധിക്കും. അതിനായി മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നമ്മൾ കൂടുതൽ ബോധവാന്മാരാകുക എന്നതാണ് പ്രധാനം. ഇതിനായുള്ള ഒരു തുറന്ന വേദിയാണ് ഇപ്പോൾ ഫ്ളവേഴ്സും ട്വൻറിഫോറും ചേർന്ന് ഒരുക്കുന്നത്. ആരോഗ്യമുള്ള മനസ്സിനായി നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം.
Are You Happy?
#mental health matters
Story highlights: Are you Happy | Flowers and TwentyFour news to launch mental health campaign