വലിച്ചെറിയാൻ വരട്ടെ; നിസാരമല്ല, ചക്കക്കുരുവിന്‍റെ ആരോഗ്യ ഗുണങ്ങള്‍

December 11, 2023

ചക്കക്കുരു കാഴ്ചയ്ക്ക് ചെറുതാണെങ്കിലും നിസാരമായി കാണരുത് ഈ കുഞ്ഞനെ. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ചക്കക്കുരു. അടുത്തിടെയാണ് ചക്കക്കുരുവിന്റെ ആരോഗ്യ ഗുണങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. വിപണനമേഖലയിലും ഇന്ന് ചക്കക്കുരു സൂപ്പര്‍ഹിറ്റാണ്. കിലോഗ്രാമിന് 80 രൂപ മുതല്‍ 100 രൂപ വരെയാണ് ചക്കക്കുരുവിന്റെ വില.

ധാരാളം നാരുകളാല്‍ സമ്പന്നമാണ് ചക്കക്കുരു. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ ഗുണങ്ങളുടെ കാര്യത്തിലും മുന്നില്‍ തന്നെയാണ് ചക്കക്കുരുവിന്റെ സ്ഥാനം. ജാക്ക് സീഡ് മസാല, പോട്ട് റോസ്റ്റഡ് ജാക്ക് സീഡ്, സ്വീറ്റി ജാക് സീഡ് തുടങ്ങി നിരവധി പേരുകളില്‍ ഇന്ന് ചക്കക്കുരു സ്റ്റാര്‍ ഹോട്ടലിലെ പ്രധാന വിഭവങ്ങളില്‍ ഒന്നുപോലും ആയിരിക്കുന്നു.

ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളുമെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട് ചക്കക്കുരുവില്‍. കാല്‍സ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവയും ചക്കക്കുരുവില്‍ അടങ്ങിയിട്ടുണ്ടെന്ന് അടുത്തിടെ ഗവേഷകരും വ്യക്തമാക്കിയിട്ടുണ്ട്. ഇവയെല്ലാം അരോഗ്യസംരക്ഷണത്തിനും ഉത്തമമാണ്.

ചക്കക്കുരു കറി വെയ്ക്കുന്നതും വളരെ സ്വാദിഷ്ടമാണ്. ചക്ക സീസണായാല്‍ പല വീടുകളിലെയും ഒരു നിത്യ വിഭവമാണ് ചക്കക്കുരു കൊണ്ടുള്ള വിവിധ തരം കറികള്‍. ഇതിനു പുറമെ ചക്കക്കുരു അച്ചാര്‍, ചക്കക്കുരു ഉപ്പേരി, ചക്കക്കുരു ബിസ്‌കറ്റ് എന്നു തുടങ്ങി ചക്കക്കുരു കൊണ്ടുള്ള നിരവധി വിഭവങ്ങളാണ് ഇന്ന് മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്നത്.

ചക്കക്കുരു പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഒരു പരിധി വരെ നിര്‍വീര്യമാക്കാനും ചക്കക്കുരു സഹായിക്കുന്നു. മാനസീക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ചക്കക്കുരു ഉത്തമമാണ്.

Read also: മിഷേല്‍ സാഞ്ചസിന്റെ ‘വണ്ടര്‍ സ്വകാഡ്’; ലാ ലിഗയില്‍ ജിറോണയുടെ അത്ഭതക്കുതിപ്പ്..!

മുഖകാന്തി വര്‍ധിപ്പിക്കുന്നതിനും ചക്കക്കുരു ഏറെ സഹായകരമാണ്. ചക്കക്കുരു അരച്ചത് പാലോ തേനോ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. അതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും ചക്കക്കുരു നല്ലതാണ്.

Story highlights- benefits of jackfruit seed