മിഷേല്‍ സാഞ്ചസിന്റെ ‘വണ്ടര്‍ സ്വകാഡ്’; ലാ ലിഗയില്‍ ജിറോണയുടെ അത്ഭതക്കുതിപ്പ്..!

December 11, 2023

ഒരു കുഞ്ഞന്‍ ക്ലബിന്റെ അത്ഭുത പിറവിക്കാണ് സ്പാനിഷ് ലാ ലിഗയുടെ ഈ സീസണ്‍ സാക്ഷിയാകുന്നത്. സീസണ്‍ പകുതിയോട് അടുക്കുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാമതാണവര്‍. ലീഗ് കിരീടം നിലനിര്‍ത്താനെത്തുന്ന ബാഴ്‌സയും കിരീടെ തിരികെ സാന്റിയാഗോ ബെര്‍ണബ്യുവിലെ ഷെല്‍ഫിലെത്തിക്കാനായി ഒരുങ്ങിയ റയലുമെല്ലാം പിന്നിലാക്കിയാണ് മിഷേല്‍ സാഞ്ചസിന്റെ ഈ ‘വണ്ടര്‍ സ്‌ക്വാഡ്’ കുതിക്കുന്നത്. ( Girona FC the miracle of the LaLiga )

പേര് ജിറോണ, 93 വര്‍ഷങ്ങള്‍ക്കു മുമ്പ് 1930-ലാണ് ഈ കറ്റലൂണിയന്‍ ക്ലബ് സ്ഥാപിതമാകുന്നത്. ബാസ്‌ക്കറ്റ്‌ബോള്‍ പ്രധാന കായിക വിനോദമായിരുന്ന ജിറോണക്കാര്‍ ഈ ഫുട്‌ബോള്‍ ക്ലബിന്റെ മത്സരങ്ങള്‍ അത്ര ഗൗരവമായി കണ്ടില്ലെന്ന് വേണം പറയാന്‍. കാരണം വേറെന്നുമല്ല, സ്ഥാപിതമായി ഒരു നൂറ്റാണ്ടിനോട് അടുക്കുന്ന ടീമിന്റെ പ്രകടനം അത്ര ദയനീമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം അങ്ങനെയല്ല. കറ്റാലന്‍ ക്ലബുകളും ലാലിഗയിലെ സ്ഥിരസാന്നിധ്യവുമായി ബാഴ്‌സലോണയുടെയും എസ്പന്യോളിനെയും ആരാധിച്ചിരുന്ന ജിറോണ ആരാധകര്‍ സ്വന്തം ടീമിന്റെ സ്വപ്‌നതുല്യമായി കുതിപ്പ് ആഘോഷമാക്കുകയാണ്.

2017 സീസണിലാണ് ജിറോണ ആദ്യമായി ലാലിഗ ടോപ് ഡിവിഷനിലേക്ക് യോഗ്യത നേടുന്നത്. 1999-ല്‍ 5-ാം ഡിവിഷനില്‍ കളിച്ച ജിറോണ അടുത്ത വര്‍ഷം നാലാം ഡിവിഷനിലെത്തി. നാല് സീസണുകള്‍ക്ക് ശേഷം മൂന്നാം ഡിവിഷനിലേക്ക കയറിയ അവര്‍ 2010-ലാണ് രണ്ടാം നിര ലീഗിലേക്ക് എത്തുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2017-18 സീസണില്‍ ആദ്യമായി ടോപ് ഡിവിഷനിലേക്ക് യോഗ്യത നേടിയെങ്കിലും തൊട്ടടുത്ത സീസണില്‍ വീണ്ടും തരം താഴ്ത്തപ്പെട്ടു. വീണ്ടും പൊരതുക്കയറിയ ജിറോണ 2022-ലാണ് ലാലിഗയിലേക്ക് തിരികെയെത്തിയത്.

ഇത്തവണ തുടക്കം മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനവുമായി ജിറോണ കുതിക്കുകയാണ്. അവിശ്വസിനീയ കുതിപ്പുമായി 2016-ല്‍ പ്രീമീയര്‍ ലീഗ് കിരീടം ചൂടിയ ലെസ്റ്റര്‍ സിറ്റിയുടെ പ്രകടനം ജിറോണ ആവര്‍ത്തിക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. ലീഗിലെ അവസാന മത്സരത്തില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണയെ അവരുടെ മൈതാനത്ത് നാണംകെടുത്തിയാണ് ജിറോണ ലീഗില്‍ ഒന്നാമതെത്തിയത്. ലീഗില്‍ 16 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 13 ജയങ്ങളോടെ 41 പോയിന്റുമായാണ് ജിറോണ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാള്‍ രണ്ട് പോയിന്റാണ് ലീഡുള്ളത്.

2017-ല്‍ അബുദാബി യുണൈറ്റഡ് ഗ്രൂപ്പിന് കീഴിലുള്ള സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് ജിറോണയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത്. മാഞ്ചസ്റ്റര്‍ സിറ്റി അടക്കം 13 ക്ലബ്ബുകളുടെ ഉടമകളായ സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതിനാല്‍ അവരുടെ ക്ലബ്ബുകളിലെ കളിക്കാരെ വായ്പ അടിസ്ഥാനത്തില്‍ ടീമിലെത്തിക്കാനായതും ജിറോണയുടെ പ്രകടനത്തില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

Read Also : ‘ഇനി വിഷ്ണുവല്ല, അയൺമാനാണ്’; ട്രയാത്തലോൺ മത്സരത്തിൽ മലയാളിയുടെ മിന്നും പ്രകടനം

ടീമിലെ എല്ലാ താരങ്ങളുടെയും ശമ്പളത്തിനായി വെറും 458 കോടി രൂപയാണ് ചെലവ്. റയല്‍ മാഡ്രിഡ് 6500 കോടിയും ബാഴ്‌സലോണ 3500 കോടിയിലുമധികമാണ് ഇതിനായി ചെലവിടുന്നതെന്ന് ഓര്‍ക്കണം. ഇത്തരത്തില്‍ താരതമ്യേന ചെറിയ മൂല്യമുള്ള ടീമാണ് ലീഗില്‍ വിസമയക്കുതിപ്പ് നടത്തുന്നത്.

ടീമിന്റെ മികച്ച പ്രടനത്തില്‍ പരിശീലകനായ മിഷേല്‍ സാഞ്ചസിന്റെ പങ്കും വളരെ വലുതാണ്. 2021-ല്‍ ടീമിന്റെ പരിശീലകനായി എത്തിയ ശേഷമാണ് ഇത്തരത്തിലൊരു വണ്ടര്‍ സ്വകാഡിനെ ഒരുക്കുന്നത്. റയോ വയ്യോക്കാനെയെയും വെസ്‌കയെയുമെല്ലാം ലാലിഗയില്‍ എത്തിച്ച മിഷേല്‍ ജിറോണയ്‌ക്കൊപ്പവും തന്റെ മികവ് ആവര്‍ത്തിക്കുകയാണ്.

Story highlights : Girona FC the miracle of the LaLiga