കൗമാര കാല്‍പന്തുകളിയുടെ വിശ്വരാജാക്കന്‍മാരായി ജര്‍മനി; ഫ്രാന്‍സിനെ വീഴ്ത്തിയത് ഷൂട്ടൗട്ടില്‍

December 2, 2023

പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ടുനിന്ന കൗമാര കാല്‍പന്തുകളിയുടെ കലാശപ്പോരാട്ടത്തില്‍ അവസാന ചിരി ജര്‍മനിക്ക്. യൂറോപ്യന്‍ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ പോരാടിയ മത്സരത്തില്‍ 4-3 എന്ന സ്‌കോറിന് ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് ജര്‍മനി വിശ്വരാജാക്കന്മാരായാത്. രണ്ട് ഗോളുമായി മത്സരത്തില്‍ മികച്ച ആധിപത്യം പുലര്‍ത്തിയ ജര്‍മനിക്കെതിരെ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു ഫ്രാന്‍സ്. എന്നാല്‍ മനസാന്നിധ്യം നഷ്ടമാകാതെ പൊരുതിയാണ് ജര്‍മനി കിരീടം ചൂടിയത്. ( Germany won first U17 world cup )

ഈ വര്‍ഷം നടന്ന അണ്ടര്‍ 17 യൂറോ ഫൈനലിന്റെ തനിയാവര്‍ത്തനമായിരുന്നു ഈ മത്സരം. ആറുമാസം മുമ്പ് നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ജര്‍മനി ജേതാക്കളായിരുന്നത്. ഒരു വര്‍ഷം തന്നെ അണ്ടര്‍ 17 ലോകകിരീടവും യൂറോ കിരീടവും നേടുന്ന ആദ്യ ടീമായും ജര്‍മനി മാറി. നിശ്ചിത 90 മിനുട്ടില്‍ ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

ജര്‍മനിക്കായി 29-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലുടെ പാരിസ് ബ്രണ്ണര്‍ ലീഡെടുത്തു. 51-ാം മിനുട്ടില്‍ നോഹ ഡാര്‍വിച് നേടിയ ഗോളിലൂടെ ജര്‍മനി ലീഡ് ഇരട്ടിയാക്കി. രണ്ട് മിനുട്ടകള്‍ക്കകം സൈമന്‍ നദെല്ല ബോബര്‍ ആണ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ മടക്കിയത്. പിന്നാലെ സമനില ഗോളിനായി ഫ്രാന്‍സ് താരങ്ങള്‍ ഇരമ്പിയാര്‍ത്തെത്തി. പിന്നാലെ പ്രതിരോധത്തിലേക്ക് വലിഞ്ഞ ജര്‍മനിക്ക് 69-ാം മിനുട്ടില്‍ വിന്നേഴ്‌സ് മാര്‍ക്ക് ഒസാവെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് തിരിച്ചടിയായി. ഫ്രഞ്ച് താരത്തെ പിന്നില്‍നിന്ന് ഫൗള്‍ ചെയ്തതിനായിരുന്നു ശിക്ഷ.

സുറാകാര്‍ത്തയിലെ മനാഹന്‍ കളിമൈതാനത്ത് ആദ്യ പകുതിയില്‍ ജര്‍മന്‍ ആധിപത്യമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സിന്റെ മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്. നിരന്തരമായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ മത്സരത്തിന്റെ 85-ാം മിനുട്ടില്‍ മാത്തിസ് അമോഗൗ ഫ്രാന്‍സിനായി സമനില ഗോള്‍ നേടി.

Read Also : ‘ഇവര്‍ ചേര്‍ത്ത് പിടിക്കേണ്ടവര്‍’; ബ്ലാസ്റ്റേഴ്‌സിന്റ കൈപിടിച്ച് സ്‌പെഷ്യല്‍ കിഡ്‌സ്

ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് രക്ഷപ്പെടുത്തിയ ഗോള്‍കീപ്പര്‍ ഫ്രാന്‍സിന് ലീഡ് നല്‍കി. മൂന്നാം കിക്ക് പോസ്റ്റിലിടിച്ച് മടങ്ങിയതോടെ നാലാം കിക്ക് ജര്‍മന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു. അവസാന കിക്ക് രക്ഷപ്പെടുത്തിയ ഫ്രാന്‍സ് ഗോള്‍കീപ്പര്‍ മത്സരം 3-3 എന്ന സ്‌കോറില്‍ സമനില പാലിച്ചതോടെ സഡന്‍ ഡെത്തിലേക്ക് നീങ്ങി.

ആദ്യം കിക്കെടുത്ത ഫ്രാന്‍സ് താരത്തിന്റെ ഷോട്ട് ജര്‍മന്‍ ഗോള്‍കീപ്പര്‍ തടുത്തിട്ടു. പിന്നാലെ കിക്കെടുത്ത ജര്‍മന്‍ താരം പന്ത് വലയിലെത്തിച്ചു. അപരാജിത കുതിപ്പുമായാണ് ഇരുവരും കലാശക്കളിക്ക് യോഗ്യത നേടിയത്.

സെമിഫൈനലില്‍ ജര്‍മനി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ തോല്‍പിച്ചപ്പോള്‍ മാലിയെ 3-1ന് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ഫൈനലില്‍ പ്രവേശിച്ചത്. 2001ല്‍ കിരീടം നേടിയ ഫ്രഞ്ച് ടീം 2019ല്‍ മൂന്നാം സ്ഥാനക്കാരായിരുന്നു. 1985ല്‍ റണ്ണറപ്പായതാണ് ജര്‍മനിയുടെ ഏറ്റവും മികച്ച പ്രകടനം.

Story highlights : Germany won first U17 world cup