ഓടുന്ന ട്രക്കുകള്‍ക്കിടയില്‍ 18-കാരന്റെ പുള്‍ അപ്പ്; പിന്നാലെ ഗിന്നസ് റെക്കോഡും
വ്യത്യസതമായ സാഹസിക പ്രവൃത്തികള്‍ അനായാസം പൂര്‍ത്തിയാക്കി ഗിന്നസ് റെക്കോഡില്‍ സ്ഥാനമുറപ്പിക്കുന്ന വാര്‍ത്തകള്‍ നാം കാണാറുണ്ട്. അത്തരത്തില്‍ ഒരു കൗമാരക്കാരന്റെ ദൃശ്യങ്ങളാണ് ഗിന്നസ് റെക്കോഡ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന ട്രക്കുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പുള്‍ അപ്പ് എടുത്ത് വേള്‍ഡ് റെക്കോഡില്‍ ഇടംപിടിച്ചിരിക്കുകയാണ് 18-കാരന്. ( Grigor Manukyan breaks record performing pull ups between trucks )
അര്‍മീനിയക്കാരനായ ഗ്രിഗര്‍ മാനുക്യന് എന്ന യുവാവാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഓടുന്ന ട്രക്കുകള്‍ക്കിടയില്‍ ഘടിപ്പിച്ച ബാറിലായിരുന്നു 18-കാരനായ യുവാവ് 44 പുള്‍ അപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ‘ഇറ്റാലിയന്‍ ബട്ടര്‍ഫ്ലൈ’ എന്ന പേരില്‍ അറിയപ്പെടുന്ന ടാസിയോ ഗാവിയോലിയുടെ പേരിലുണ്ടായിരുന്ന 35 പുള്‍ അപ്പ് എന്ന റെക്കോഡാണ് പഴങ്കഥയായത്.
5 km/h ആയിരുന്നു ഗ്രിഗര്‍ പുള്‍ അപ്പ് ചെയ്യുന്ന സമയത്ത് ട്രക്കിന്റെ വേഗം. ചലിക്കുന്ന ട്രക്കില്‍ നിന്ന് താഴെ വീഴാതെ എത്ര തവണ പുള്‍ അപ്പ് എടുക്കാന്‍ കഴിയും എന്നായിരുന്നു ഗ്രിഗറിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. എന്നാല്‍ റെക്കോഡ് തകര്‍ക്കാന്‍ ഉറപ്പിച്ചെത്തിയ ഗ്രിഗറിയുടെ പ്രകടനം ഞെട്ടിപ്പിക്കുന്നതായിരുന്നു. അനായാസം പുള്‍ അപ്പ് എടുത്ത ഗ്രിഗര്‍ ലോക റെക്കോഡുമായാണ് താഴെ ഇറങ്ങിയത്.
കഠിനമായ പരിശീലനം നടത്തിയതുകൊണ്ട് റെക്കോഡ് മറികടക്കുക എന്നത് തനിക്ക് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നില്ല. അനായാസം 50 പുള്‍ അപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ താന്‍ 44 -ല്‍ അവസാനിപ്പിക്കുകയാരുന്നു. 44 ദിവസം നീണ്ടുനിന്ന അര്‍ത്സാഖ് യുദ്ധത്തില്‍ വീരമൃത്യു വരിച്ച അര്മീനയക്കാരുടെ സ്മരണക്കായി ഈ റെക്കോഡ് സമര്പ്പുക്കുന്നുവെന്നാണ് ഗ്രിഗര്‍ മാനുക്യന് പറഞ്ഞത്.
Read Also : ഏറ്റവും വേഗതയേറിയ റോബോട്ട് സ്പ്രിന്ററായി ചരിത്രം സൃഷ്ഠിച്ച് ‘ഹൗണ്ട്’
ചലിക്കുന്ന വാഹനങ്ങളില്‍ നിന്നുള്ള സാഹസിക ഫിറ്റ്നസ് പ്രകടനങ്ങള്‍ നടത്തുന്നതില്‍ ഗ്രിഗറി മുമ്പും റെക്കോഡ് നേടിയിട്ടുണ്ട. കഴിഞ്ഞ നവംബറില്‍ ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്ന് ഒരു മിനുട്ടിനുള്ളില്‍ ഏറ്റവും കൂടുതല്‍ ചിന്-അപ്പ് ചെയ്തതിന്റെ റെക്കോര്‍ഡും ഗ്രിഗര്‍ സ്വന്തമാക്കിയിരുന്നു. അടുത്തതായി ഒരു മിനിറ്റിനുള്ളില്‍ ഒരു വിമാനത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പുള്‍ അപ്പ് ചെയ്തതിന് സമാനമായ റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രിഗര്‍.
Story Highlights : Grigor Manukyan breaks record performing pull ups between trucks