കുഞ്ഞുങ്ങളെ കൊതുകിൽ നിന്ന് സംരക്ഷിക്കണം; സ്വീകരിക്കാം, ഈ മുൻകരുതലുകൾ

കൊതുക് എന്നും എല്ലാവര്ക്കും ഒരു പേടിസ്വപ്നമാണ്. ഒരുപാട് രോഗങ്ങളാണ് മൂളിപ്പറക്കുന്ന ഈ കുഞ്ഞൻ മനുഷ്യരിലേക്ക് എത്തിക്കുന്നത്. വളരെയധികം ഭയക്കേണ്ടതുണ്ട് കൊതുകിനെ. കടിക്കുമ്പോള്‍ അനുഭവപ്പെടുന്ന ചൊറിച്ചില്‍ മാത്രമല്ല പലതരം രോഗങ്ങള്‍ക്കും കൊതുകുകടി കാരണമാകാറുണ്ട്. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ തുടങ്ങിയവയൊക്കെ കൊതുക് പരത്തുന്ന രോഗങ്ങളില്‍ ചിലത് മാത്രം.
പലപ്പോഴും ശ്രദ്ധകൊണ്ട് മുതിര്‍ന്നവര്‍ക്ക് കൊതുകുകടിയില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കും. എന്നാല്‍ കുഞ്ഞുങ്ങളുടെ കാര്യം അങ്ങനെയല്ല. സ്വയം കൊതുകുകളെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് അറിയാറില്ല. അതുകൊണ്ടുതന്നെ കൊതുകുകടിയില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ മാതാപിതാക്കളും മുതിര്‍ന്നവരുമൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.
വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. പ്രത്യേകിച്ച് മഴക്കാലങ്ങളില്‍. വൃത്തിഹീനമായി വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളില്‍ നിന്നും കൊതുകുകള്‍ പെരുകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ചുറ്റുപാടും എപ്പോഴും ശ്രദ്ധിക്കുക.
പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് കുട്ടികളെ കൊതുകില്‍ നിന്നും സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. വീടിന് പുറത്ത് മാത്രമല്ല വീടിന് അകവും പ്രത്യേകം ശ്രദ്ധിക്കണം. വൃത്തിയായി സൂക്ഷിക്കണം എല്ലായിടങ്ങളും.
കുട്ടികള്‍ ഉറങ്ങുമ്പോള്‍ കൊതുകുവല ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക. ഒരു പരിധിവരെ കൊതുകുകളെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു. മാത്രമല്ല മഴക്കാലത്ത് കുഞ്ഞുങ്ങളെ കൈകളും കാലുകളുമൊക്കെ നല്ലതുപോലെ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക. വായു സഞ്ചാരം ഉറപ്പാക്കുന്ന കോട്ടന്‍ വസ്ത്രങ്ങളാണ് നല്ലത്.
കുട്ടികളെ കൊതുകില്‍ നിന്നും സംരക്ഷിക്കാന്‍ പലതരത്തിലുള്ള ക്രീമുകള്‍ പുരട്ടാറുണ്ട് ചിലര്‍. എന്നാല്‍ ഇത് അത്ര നല്ലതല്ല. പലപ്പോഴും ഇങ്ങനെ ക്രീമുകള്‍ പുരട്ടുന്നത് കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിന് ദോഷകരമായി ഭവിച്ചേക്കാം.
Story highlights: How to protect babies from mosquito bite