പ്രായം 105, സാക്ഷരത പരീക്ഷ എഴുതി നാട്ടുകാരുടെ സ്വന്തം ‘അച്ചാമ്മ’
105-ാം വയസില് സാക്ഷരത പരീക്ഷ എഴുതി മലപ്പുറം കൊളത്തൂരുകാരി കുഞ്ഞിപ്പെണ്ണ അമ്മ. പാങ്ങ് ജിഎല്പി സ്കൂളില് ഇന്ന് രാവിലെ 10നായിരുന്നു സാക്ഷരത മിഷന്റെ നാലാംതരം തുല്യത പ്രവേശന പരീക്ഷ നടന്നത്. വിദ്യഭ്യാസ മന്ത്രി വി ശിവന്കുട്ടി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് കുഞ്ഞിപ്പെണ്ണ് അമ്മ പരീക്ഷ എഴുതുന്ന കാര്യം സൂചിപ്പിച്ചിരുന്നത്. ( Kunjipennu Amma equivalency exam Malappuram )
പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം രാത്രിയും കുഞ്ഞിപ്പെണ്ണമ്മ പഠിക്കാനിരിന്നിരുന്നു. അഞ്ചാം ക്ലാസുകാരിയായ പേരകുട്ടി ശിവാനിയും കൂട്ടിനുണ്ടായിരുന്നു. നാട്ടുകാരിയും പ്ലസ് ടു തുല്യത പഠിതാവുമായ കെ.ടി സാജിയാണ് അധ്യാപിക.
നാട്ടുകാര്ക്കെല്ലാം അച്ചമ്മയാണ് കുഞ്ഞിപ്പെണ്ണ്. പഴയകാലത്തെ കാര്യങ്ങളെല്ലാം ഇന്നും ഓര്ക്കുന്നുണ്ട്. ഒന്നാം ക്ലാസില് ചേര്ന്നെങ്കിലും രണ്ട് ദിവസം പോയി നിര്ത്തുകയായിരുന്നു. ചെറുപ്പത്തില് പഠിക്കാന് കഴിയാതിരുന്നതിന്റെ പ്രയാസം തീര്ക്കുകയാണ്.
Read Also : സര്പ്രൈസ് ഗിഫ്റ്റുമായി ജനമൈത്രി പൊലീസ്; മനസ് നിറഞ്ഞ് ചിരിച്ച് ദ്രൗപദിയമ്മ..!
ഈ വയസിലും പഠിക്കാനും പരീക്ഷ എഴുതാനും തയ്യാറായ അമ്മ ഏവര്ക്കും ഒരു പ്രചോദനമാണെന്നാണ് മന്ത്രി ഫേസ്ബുക്കില് കുറിച്ചത്. കുഞ്ഞിപ്പെണ്ണ് അമ്മക്ക് മന്ത്രി ആശംസകളും അറിയിച്ചിരുന്നു.
മന്ത്രി വി ശിവന്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്; മലപ്പുറം കൊളത്തൂരില് 105 വയസ്സുകാരി കുഞ്ഞിപ്പെണ്ണ് അമ്മ ഇന്ന് വലിയൊരു ആഗ്രഹം സഫലീകരിക്കുന്നു. പാങ്ങ് എ എം എല് പി സ്കൂളില് കുഞ്ഞിപ്പെണ്ണ് അമ്മ ഇന്ന് സാക്ഷരതാ പരീക്ഷ എഴുതും. ഈ വയസ്സിലും പഠിക്കാനും പരീക്ഷ എഴുതാനും തയ്യാറായ അമ്മ ഏവര്ക്കും ഒരു പ്രചോദനമാണ്. അമ്മയ്ക്ക് എല്ലാ വിധ ആശംസകളും.
Story highlights ; Kunjipennu Amma equivalency exam Malappuram