സുബി മുതൽ സുബ്ബലക്ഷ്മി വരെ; 2023ൽ മലയാളത്തിന് നഷ്ടമായവർ
ഒരുവർഷം കൂടി അവസാനിക്കുകയാണ്. നേട്ടങ്ങളും നഷ്ടങ്ങളും മലയാള സിനിമയെ സംബന്ധിച്ച് ധാരാളം സംഭവിച്ചു. നഷ്ടങ്ങളാണ് അതിൽ പ്രധാനം. പ്രത്യേകിച്ച് അതുല്യരായ കലാകാരന്മാരുടെ വേർപാട് സൃഷ്‌ടിച്ച വേദന. ഫെബ്രുവരിയിൽ നടിയും അവതാരകയുമായ സുബി സുരേഷ് മുതൽ ഏറ്റവും ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് വിടപറഞ്ഞ സുബ്ബലക്ഷ്മി വരെ ഈ നഷ്ടം നീളുന്നു. 2023ന് നഷ്ടമായ പ്രതിഭകളെ ഒരിക്കൽക്കൂടി ഓർമിക്കാം. (Lost Talents in past year 2023)
സുബി സുരേഷ്
വളരെ അപ്രതീക്ഷിതമായിരുന്നു ടെലിവിഷൻ താരം സുബിയുടെ വേർപാട്. കാലങ്ങളായി ടെലിവിഷൻ സ്‌ക്രീനിലൂടെ ഓരോ സ്വീകരണമുറിയിലെയും സ്വന്തം താരമായി മാറിയ ആളാണ് സുബി സുരേഷ്. ഫെബ്രുവരിയിലായിരുന്നു സുബി കരൾരോഗത്തെ തുടർന്ന് മരണമടഞ്ഞത്. മലയാളത്തിലെ ഏറ്റവും പ്രസിദ്ധയായ സ്ത്രീ കൊമേഡിയൻ ആയിരുന്നു സുബി സുരേഷ്. മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായിരുന്ന സുബി അവതാരക, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്നസെന്റ്
മരിച്ചാലും മറക്കാത്ത ഓർമ്മകളും ചിരികളും സമ്മാനിച്ചാണ് ഇന്നസെന്റ് എന്ന മഹാപ്രതിഭ കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞത്. മാർച്ചിലായിരുന്നു അന്തരിച്ചത്. 75 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്.കാൻസർ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടൻ ഇന്നസെന്റ് അറിയപ്പെടുന്നത്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വർഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ്, ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ലോക്സഭയിലെത്തിയിരുന്നു.
മാമുക്കോയ
മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ നിര്യാണം ഏപ്രിലിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മലപ്പുറം ജില്ലയിൽ പ്രാദേശിക ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്ത് നിന്നുമാണ് സിനിമയിൽ എത്തിയത്. മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം. കോഴിക്കോടൻ സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നത്. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്‌മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയത്. സിനിമകളിൽ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തത്.
ഹരീഷ് പേങ്ങൻ
കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ഹരീഷ് പേങ്ങന്‍. 2011മുതല്‍ മലയാള ചലച്ചിത്രരംഗത്ത് സജീവമായ നടൻ മിന്നല്‍ മുരളി, മഹേഷിന്റെ പ്രതികാരം, ജാന്‍ എ മന്‍ തുടങ്ങി ചിത്രങ്ങളിലൂടെയാണ് ഹരീഷ് ശ്രദ്ധിക്കപ്പെടുന്നത്. ചെറിയ വയറുവേദനയെ തുടര്‍ന്ന് 2023 മെയ് മാസം ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗുരുതരമായ കരള്‍ സംബന്ധമായ അസുഖം കണ്ടെത്തുകയായിരുന്നു. മെയിലായിരുന്നു മരണം സംഭവിച്ചത്.
കൊല്ലം സുധി
സിനിമാ നടനും ഫ്‌ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തിലായിരുന്നു മരണമടഞ്ഞത്. തൃശൂര്‍ പറമ്പിക്കുന്നില്‍ വെച്ചുണ്ടായ അപകടത്തിൽ . താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊല്ലം സുധി ഹാസ്യലോകത്ത് നികത്താനാകാത്ത നഷ്ടമായാണ് വിടപറഞ്ഞിരിക്കുന്നത്. ഒട്ടേറെ വേദികളിൽ ഇനിയും ചിരി നിറയ്ക്കാൻ ബാക്കിയാക്കി, ഒരുപാട് സ്നേഹിതർക്ക് നൊമ്പരമായാണ് ഈ വേർപാട്. ഫ്‌ളവേഴ്‌സ് ടി വിയിലെ സ്റ്റാർ മാജിക്കിലൂടെ ആരാധകരെ സമ്പാദിച്ച കൊല്ലം സുധി അവസാനമായി വേദി പങ്കിട്ടതും സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പം 24 കണക്റ്റ് സമാപന വേദിയിൽ ആയിരുന്നു. ജൂണിലായിരുന്നു മരണം സംഭവിച്ചത്.
പൂജപ്പുര രവി
നിരവധി നർമ്മവേഷങ്ങളിലൂടെ മനംകവർന്ന നടനാണ് പൂജപ്പുര രവി. അനശ്വരമാക്കിയ ഒട്ടേറെ കഥാപാത്രങ്ങൾ ബാക്കിയാക്കി ജൂണിലായിരുന്നു പൂജപ്പുര രവിയുടെ വേർപാട്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. നാടക രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ പൂജപ്പുര രവി നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും വേഷമിട്ടിരുന്നു.
കൈലാസ് നാഥ്
സിനിമ-സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചത് ആഗസ്റ്റിലായിരുന്നു . 65 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ദീർഘനാളായി ചികിത്സയിലായിരുന്നു. നിരവധി പാരമ്പരകളിലും സിനിമകളിലും തന്റെ സാന്നിധ്യം ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. അധികവും തമിഴ് സിനിമകളിലാണ് വേഷമിട്ടത്. ഒരു സിനിമ സംവിധാനവും ചെയ്തിരുന്നു.
സിദ്ദിഖ്
മലയാള സിനിമയിൽ നികത്താനാകാത്ത നഷ്ടമാകുകയാണ് സംവിധായകൻ സിദ്ദിഖിന്റെ വേർപാട്. അഗസ്റ്റിലായിരുന്നു സിദ്ദിഖിന്റെ മരണം. 63 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. ഒട്ടേറെ പ്രതിഭകളെ മലയാള സിനിമകയ്ക്ക് സമ്മാനിച്ച സിദ്ദിഖ്‌ലാൽ കൂട്ടുകെട്ട് മലയാളി ഒരിക്കലും മറക്കില്ല. വിയറ്റ്‌നാം കോളനി, ഗോഡ്ഫാദർ, കാബൂളിവാല, ഇൻ ഹരിഹർ നഗർ, റാംജിറാവു സ്പീക്കിങ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
കുണ്ടറ ജോണി
നടൻ കുണ്ടറ ജോണിയുടെ വേർപാട് വേദനയാണ് സിനിമാലോകത്തിനും ആരാധകർക്കും പകർന്നത്. 71 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഒക്ടോബറിൽ ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ആയിരുന്നു. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി.
കലാഭവൻ മുഹമ്മദ് ഹനീഫ്
ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് നവംബറിലാണ് വിടപറഞ്ഞത്. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി.
കാലാതീതമായ കഥാപാത്രങ്ങളിലൂടെ പേരുകേട്ട സംഗീതജ്ഞയും പ്രിയങ്കരിയായ അഭിനേത്രിയുമായ സുബ്ബലക്ഷ്മി വിടപറഞ്ഞത് ഡിസംബർ ആദ്യമാണ്. 87 വയസിൽ മലയാള സിനിമയുടെ പ്രിയങ്കരിയായ മുത്തശിയായാണ് സുബ്ബലക്ഷ്മി വിടപറഞ്ഞത്. ഒപ്പമില്ലെങ്കിലും ഓർമ്മകൾക്ക് എന്നും വലിയ സ്ഥാനമുണ്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. ആകാശവാണിയിലെ മുൻ ജീവനക്കാരിയായ സുബ്ബലക്ഷ്മി ജവഹർ ബാലഭവനിൽ സംഗീത പരിശീലകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിനിമാ സീരിയൽ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്.
Story highlights- Lost Talents in past year 2023