തട്ടിക്കൊണ്ടുപോയ 6 വയസുകാരനെ 90 മിനുട്ടില്‍ കണ്ടെത്തി; ഹീറോ പരിവേഷത്തില്‍ പൊലീസ് നായ

December 1, 2023

മനുഷ്യരുമായുള്ള നായയുടെ ബന്ധം വളരെ വലുതാണ്. അടുത്തിടെ മുംബൈയില്‍ നടന്ന ഒരു സംഭവം ഇത് കൂടുതല്‍ ഉറപ്പിക്കുന്നതാണ്. മുംബൈ പൊലീസിന്റെ ഡോബര്‍മാന്‍ ഇനത്തില്‍ പെട്ട നായയാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത്. മുംബൈ പൊലീസിന്റെ ബോംബ് ഡിസ്‌പോസല്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌കാഡിലെ ഡോബര്‍മാന്‍ ഇനത്തില്‍പെട്ടതാണ് ഈ നായ. ( Missing boy found by Police Dog leo in Mumbai )

കാണാതായ ആറ് വയസുകാരനെ വെറും 90 മിനിറ്റിനുള്ളിലാണ് ലിയോ എന്ന നായ കണ്ടെത്തിയത്. ഇതോടെയാണ് നായയുടെ അസാധാരണമായ കഴിവിനെ ആളുകള്‍ പ്രശംസിച്ചത്. കഴിഞ്ഞ നവംബര്‍ 23-ന് സബര്‍ബന്‍ അന്ധേരിയിലെ അശോക് നഗറിലാണ് സംഭവം നടന്നത്.

നവംബര്‍ 23 ന് വീടിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാവുകയായിരുന്നു. പ്രതീക്ഷിച്ച പോലെ കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചു. തുടര്‍ന്ന് കുട്ടിയെ കണ്ടെത്താനായി തെരച്ചില്‍ ആരംഭിച്ചെങ്കിലും ആറുവയസുകാരനെ കണ്ടെത്താനായില്ല. ഒടുവില്‍ വീട്ടുകാര്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു. വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ അജ്ഞാതനായ കടത്തിക്കൊണ്ടുപോയി എന്ന് കാണിച്ചാണ് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചത്.

Read Also: 20 മണിക്കൂറിനൊടുവിൽ ആശ്വാസവാർത്ത; അബിഗേൽ സാറ റെജിയെ കണ്ടെത്തി!

പക്ഷേ, സമീപ പ്രദേശങ്ങളിലൊന്നും സിസിടിവി ഇല്ലാത്തതിനാല്‍ തെരച്ചില്‍ ബുദ്ധിമുട്ടായിത്തീര്‍ന്നു. ഇതോടെയാണ് പൊലീസ് നായയായ ലിയോയെ കൊണ്ടുവരുന്നത്. പുറത്തിറങ്ങുന്നതിന് മുമ്പ് കുട്ടി വസ്ത്രം മാറിയിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിരിന്നു. അങ്ങനെ സ്ഥലത്തെത്തിച്ച നായയെ കൊണ്ട് കുട്ടിയുടെ വസ്ത്രം മണപ്പിച്ചു. പിന്നാലെ കുട്ടിയെ തെരഞ്ഞിറങ്ങിയ ലിയോ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള അശോക് ടവര്‍ മേഖലയിലെ അംബേദ്കര്‍ ഉദ്യാനില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.

എന്നാല്‍, കുട്ടി എങ്ങനെ അര്‍ധ രാത്രിയില്‍ തുറസായ ഈ സ്ഥലത്തെത്തി തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പരിഭ്രാന്തിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വ്യക്തി അവിടെ ഉപേക്ഷിച്ചിട്ട് പോയത് എന്നാണ് കരുതുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Story Highlights : Missing boy found by Police Dog leo in Mumbai