ഇത് ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

December 17, 2023

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ് (SDB) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഗുജറാത്തിന്റെ സാമ്പത്തിക കേന്ദ്രമായ സൂറത്തിലാണ് ഡയമണ്ട് ബോഴ്‌സ് സ്ഥിതി ചെയ്യുന്നത്. (Prime Minister inaugurates World’s largest office building)

6.7 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കെട്ടിടമാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ്. കഴിഞ്ഞ 80 വർഷമായി ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന പദവി സ്വന്തമാക്കിയിരുന്ന വിർജീനിയയിൽ സ്ഥിതിചെയ്യുന്ന 6.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ വലുപ്പത്തെയാണ് ഇപ്പോൾ ബോഴ്സ് മറികടന്നിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡിലും സൂറത്ത് ഡയമണ്ട് ബോഴ്സ് ഇടം പിടിച്ചു.

Read also: ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും സജീവമായി കൊവിഡ് വ്യാപനം

15 നിലകളിൽ 4,700 ഓഫീസുകളുള്ള ഒമ്പത് ടവറുകൾ ഉൾക്കൊള്ളുന്നതാണ് ഡയമണ്ട് ബോഴ്‌സ് കെട്ടിടം. 80,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 1,000 ഓഫീസുകളുള്ള ഇസ്രായേൽ ഡയമണ്ട് എക്‌സ്‌ചേഞ്ചിനേക്കളും വലുതാണിത്.

3,200 കോടി രൂപ ചെലവിൽ ജൂലൈയിലാണ് സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 2015-ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ തറക്കല്ലിട്ടതിന് ഏകദേശം എട്ട് വർഷത്തിന് ശേഷമാണ് പദ്ധതി പൂർത്തീകരിച്ചത്.

പദ്ധതി വജ്ര വ്യവസായത്തിന് ഒരു വലിയ ഉത്തേജനമാകുമെന്ന് ഉദ്ഘാടന ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘കസ്റ്റംസ് ക്ലിയറൻസ് ഹൗസ്’, ജ്വല്ലറി മാൾ, ഇന്റർനാഷണൽ ബാങ്കിംഗ്, സേഫ് വോൾട്ടുകളുടെ സൗകര്യം എന്നിവ ബോഴ്‌സിന്റെ സുപ്രധാന ഭാഗങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച 10 വികസ്വര നഗരങ്ങളിൽ ഒന്നാണ് ഇന്ന് സൂറത്ത്. ഒരു കാലത്ത് ‘സൺ സിറ്റി’ എന്നാണ് സൂറത്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനം മൂലം അത് വജ്രനഗരമായി മാറിയിരിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

Story highlights: Prime Minister inaugurates World’s largest office building