“അത്രമേൽ തീവ്രമായ ആനന്ദത്തിന്റെ നിമിഷങ്ങളായിരുന്നു അത്”; ലക്ഷദ്വീപ് വിശേഷങ്ങൾ പങ്കുവെച്ച് നരേന്ദ്ര മോദി!

January 4, 2024

സമൂഹ മാധ്യമങ്ങളിൽ തന്റെ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും ഒരുപോലെ അറിയിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴിതാ താൻ ലക്ഷദ്വീപ് സന്ദർശിച്ച വിശേഷങ്ങൾ ലോകത്തോട് പങ്കുവെച്ചിരിക്കുകായാണ് പ്രധാന മന്ത്രി. യാത്രയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് പ്രധാനമന്ത്രി മോദി ദ്വീപ സമൂഹത്തിന്റെ ചിത്രങ്ങൾ X-ൽ പങ്കുവെച്ചത്. (PM Modi shares Lakshadweep stories to the world)

ലക്ഷദ്വീപിന്റെ ശാന്തത 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി എങ്ങനെ കൂടുതൽ കഠിനാധ്വാനം ചെയ്യാം എന്ന് ചിന്തിക്കാൻ തനിക്ക് അവസരം നൽകിയെന്ന് മോദി പറഞ്ഞു. ലക്ഷദ്വീപ് സന്ദർശനത്തിനിടെ 1150 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ലക്ഷദ്വീപിൽ താൻ സ്നോർക്കെല്ലിംഗ് പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചത്. അതിരാവിലെ മനോഹരമായ കടൽത്തീരങ്ങളിലൂടെയുള്ള നടത്തം അത്രമേൽ തീവ്രമായ ആനന്ദത്തിന്റെ നിമിഷങ്ങളായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രയ്ക്കിടെ താൻ നടത്തിയ വിവിധ പ്രവർത്തനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. “എന്റെ താമസത്തിനിടയിൽ, ഞാനും സ്നോർക്കെല്ലിംഗ് പരീക്ഷിച്ചു – എന്തൊരു ആവേശകരമായ അനുഭവമായിരുന്നു അത്!” എക്‌സിൽ പ്രധാനമന്ത്രി കുറിച്ചു.

“തങ്ങളിലെ സാഹസികനെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരുടെ പട്ടികയിൽ ലക്ഷദ്വീപ് ഉണ്ടായിരിക്കണം,” പ്രധാനമന്ത്രി പറയുന്നു. വെള്ളത്തിനടിയിൽ എടുത്ത ചിത്രങ്ങളും സ്‌നോർക്കെല്ലിങ്ങിന് പോയപ്പോൾ കണ്ട പവിഴപ്പുറ്റുകളുടെയും സമുദ്രജീവികളുടെയും ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു.

അഗത്തി, ബംഗാരം, കവരത്തി എന്നിവിടങ്ങളിലെ നിവാസികളുമായി ആശയവിനിമയം നടത്തുകയും അവരുടെ ആതിഥ്യമര്യാദയ്ക്ക് നന്ദി പറയുകയും ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു. തന്റെ ലക്ഷദ്വീപിലേക്കുള്ള യാത്ര “പഠനത്തിന്റെയും വളർച്ചയുടെയും സമ്പന്നമായ യാത്ര” ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: 61-ാം ജന്മദിനത്തില്‍ 61 കിലോമീറ്റര്‍; പ്രായത്തെ ഓടിത്തോല്‍പിച്ച് സുനില്‍കുമാര്‍

ലക്ഷദ്വീപ് ദ്വീപുകളുടെ ഒരു കൂട്ടം മാത്രമല്ല, അത് പാരമ്പര്യങ്ങളുടെ കാലാതീതമായ പിന്തുടർച്ചയും അതിലെ ജനങ്ങളുടെ ആത്മാവിന്റെ സാക്ഷ്യവുമാണെന്ന് മോദി പറയുന്നു.

ഊർജസ്വലമായ പ്രാദേശിക സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനൊപ്പം തന്നെ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, വേഗത്തിലുള്ള ഇന്റർനെറ്റ്, കുടിവെള്ളം എന്നിവയ്‌ക്കുള്ള അവസരങ്ങൾ സൃഷ്‌ടിക്കുകയും മെച്ചപ്പെട്ട വികസനത്തിലൂടെ ജീവിതത്തെ ഉന്നമിപ്പിക്കുകയുമാണ് ലക്ഷദ്വീപിലെ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. താൻ ഉദ്ഘാടനം ചെയ്ത പദ്ധതികൾ ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർക്കുന്നു.

Story highlights: PM Modi shares Lakshadweep stories to the world