കാത്തിരിപ്പ് വെറുതെയായി; ബ്രസീലിന് തന്ത്രങ്ങള്‍ ഒരുക്കാന്‍ ആഞ്ചലോട്ടി വരില്ല

December 30, 2023

ബ്രസീല്‍ ദേശീയ ടീമിനെ കളിപഠിപ്പിക്കാന്‍ ഇതിഹാല പരിശീലകന്‍ കാര്‍ലോസ് ആഞ്ചലോട്ടി എത്തില്ല. ഇറ്റാലിയന്‍ സൂപ്പര്‍ കോച്ചിന്റെ കരാര്‍ 2026 വരെ നീട്ടിയിരിക്കുകയാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. തോല്‍വികളില്‍ വീണ് പ്രതാപകാലത്തിന്റെ നിഴല്‍ പോലുമല്ലാതെ പോകുന്ന ബ്രസീല്‍ ടീമിനെ തിരികെ കൈപിടിച്ചുയര്‍ത്താന്‍ ആഞ്ചലോട്ടി എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. റയലുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ 2024-ല്‍ ചുമതല ഏറ്റെടുക്കുമെന്നായിരുന്നു ബ്രസീല്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്‌നാല്‍ഡോയും അറിയിച്ചിരുന്നത്. ( Real Madrid extends Ancelotti’s contract until 2026 )

റയല്‍ തന്നെ നിലനിര്‍ത്തുകയാണെങ്കില്‍ ക്ലബില്‍ തുടരുമെന്ന നിലപാടായിരുന്നു ആഞ്ചലോട്ടിക്ക് ഉണ്ടായിരുന്നത്. റയലിന് ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള വലിയ ടൂര്‍ണമെന്റുകളില്‍ ജേതാക്കളാക്കിയ പരിശീലകനാണ് കാര്‍ലോസ് ആഞ്ചലോട്ടി. 2023-24 സീസണിന്റെ അവസാനം വരെയാണ് കരാറുണ്ടായിരുന്നത്. അതാണ് 2026 വരെ പുതുക്കിയത്. എതായാലും മാഡ്രിഡ് കരാര്‍ പുതുക്കിയതിലൂടെ ബ്രസീല്‍ ആരാധകരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരിക്കുകയാണ്.

2013-15 കാലയളവില്‍ ആഞ്ചലോട്ടി റയലിനെ പരിശീലിപ്പിച്ചിരുന്നു. തുടര്‍ന്ന്് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2021-ലാണ് വീണ്ടും ക്ലബ് ഫുട്‌ബോളിലെ രാജക്കന്‍മാര്‍ക്കൊപ്പം ചേരുന്നത്. രണ്ട് ചാമ്പ്യന്‍സ് ലീഗ്, ഒരു സ്പാനിഷ് ലീഗ് ഉള്‍പ്പെടെ റയലിനായി പത്ത് കിരീടങ്ങള്‍ നേടികൊടുത്തിട്ടുണ്ട് ആഞ്ചലോട്ടി.

ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായതിന് പിന്നാലെ ടിറ്റെ പരിശീലകസ്ഥാനത്തുനിന്നും പടിയിറങ്ങിയതോടെയാണ് 64-കാരനായ ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലനകനായി എത്തുമെന്ന വാര്‍ത്തകള്‍ ഉയര്‍ന്നത്. റയലിനായി കളിക്കുന്ന ബ്രസീലിയന്‍ താരങ്ങളും ഈ വാര്‍ത്തകളില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു.

Read Also : ‘ഉദ്ഘടനത്തിനിടെ നിലതെറ്റിയ ബാറ്റിങ്’; മുഖമടച്ച് വീണ എം.എല്‍.എ ആശുപത്രിയില്‍

നിലവില്‍ ഫ്‌ളുമിനെന്‍സ് ഹെഡ് കോച്ച് ഫെര്‍ണാണ്ടോ ദിനിസിനാണ് ബ്രസീല്‍ ടീമിന്റെ പരിശീലക ചുമതല വഹിക്കുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലും മികച്ച പ്രകടനം നടത്താന്‍ കഴിയാതിരിക്കുകയാണ് ടീം. ബ്രസീലിയന്‍ താരങ്ങളുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന ആഞ്ചലോട്ടിയുടെ വരവോടെ അതിനെല്ലാം പരിഹാരം കാണാമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എതായാലും ആഞ്ചലോട്ടി വരില്ലെന്ന് ഉറപ്പായതോടെ മറ്റൊരു മികച്ച പരിശീലകന്റെ വരവിനായി കാത്തിരിക്കുകയാണ് ബ്രസീല്‍ ആരാധകര്‍.

Story highlights : Real Madrid extends Ancelotti’s contract until 2026