എതിരാളികളെ മറികടന്ന് പന്തുമായി കുതിച്ച് സഞ്ജു സാംസണ്‍; വീഡിയോ വൈറല്‍

December 31, 2023

ക്രിക്കറ്റ് മാത്രമല്ല ഫുട്‌ബോളിലും ഒരു കൈ നോക്കി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. പ്രാദേശിക സെവന്‍സ് ഫുട്‌ബോളില്‍ പന്ത് തട്ടുന്ന സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കളിക്കളത്തില്‍ എതിരികളെ മറികടന്ന് പന്തുമായി കുതിക്കുന്നതാണ് വീഡിയോയിലുള്ളത്. ( Sanju Samson playing football goes viral )

മത്സരത്തിനിടയില്‍ കോര്‍ണര്‍ കിക്കെടുക്കുന്നതും കാണാം. എന്നാല്‍ ഈ വീഡിയോ പകര്‍ത്തിയതെന്നാണെന്നോ എവിടെയാണ് മത്സരങ്ങള്‍ നടന്നത് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതിയല്ല. ഒരു പ്രാദേശിക ടൂര്‍ണമെന്റിലാണ് സഞ്ജു പന്ത് തട്ടിയതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും മനസിലാകുന്നത്. ഏതായാലും വീഡിയോക്ക് താഴെ വ്യത്യസ്തമായ പ്രതികരണവുമായിട്ടാണ് ആരാധകര്‍ രംഗത്തെത്തിയത്.

ക്രിക്കറ്റിനെപോലെ ഫുട്‌ബോളിനെയും എറെ ഇഷ്ടപ്പെടുന്നയാളാണ് സഞ്ജു. പിതാവ് സാസണ്‍ വിശ്വനാഥ് ഡല്‍ഹി പൊലീസ് ഫുട്‌ബോള്‍ ടീമിനായി ബുട്ടണിഞ്ഞിരുന്നു. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായും സഞ്ജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് സഞ്ജു അവസാനമായി കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ അനായാസം ജയിച്ചതോടെ ബാറ്റിങ്ങിന് അവസരം കിട്ടിയിരുന്നില്ല. രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും മൂന്നാം മത്സരത്തില്‍ സഞ്ജുവിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ജയവും പരമ്പരും സ്വന്തമാക്കിയത്. അന്താരാഷ്ട്ര കരിയറിലെ ആദ്യ ശതകമായിരുന്നുവത്.

Read Also : ഹെല്‍മെറ്റും കയ്യിലേന്തി ബോധവത്കരണ സന്ദേശവുമായി കറുകുറ്റിയിലെ കൂറ്റന്‍ പാപ്പാഞ്ഞി

വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളില്‍ കേരളത്തെ നയിക്കാനുള്ള ഉത്തരവാദിത്തമാണ് സഞ്ജുവിന് മുന്നിലുള്ളത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശാണ് എതിരാളികള്‍. അസമിനെതിരെ ജനുവരി 12-നാണ് കേരളത്തിന്റെ രണ്ടാം മത്സരം.

Story highlights : Sanju Samson playing football goes viral