ഈ സെഞ്ച്വറി മതിയോ.. വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു സാംസണ്‍

December 5, 2023

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കേരള നായകന്‍ സഞ്ജു സാംസണ്‍. ഗ്രൂപ്പ് ഘട്ടത്തില്‍ റെയില്‍വേസിനെതിരായ അവസാന മത്സരത്തിലാണ് സഞ്ജു തിളങ്ങിയത്. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തിലാണ് അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു ക്യാപ്റ്റന്റെ ഇന്നിങ്സ് പുറത്തെടുത്തത്. 139 പന്തില്‍നിന്ന് എട്ട് ഫോറും ആറ് സിക്സറുമടക്കം 128 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം നേടിയതിന് പിന്നാലെയുള്ള പ്രകടനത്തില്‍ ആരാധകരും വലിയ ആവേശത്തിലാണ്. ( Sanju Samson scored a century in the vijay hazare trophy )

എന്നാല്‍ സഞ്ജുവിന്റെ പ്രകടനത്തിനും കേരളത്തെ രക്ഷിക്കാനായില്ല. റെയില്‍വേസിന്റെ 256 വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന്റെ ഇന്നിങ്‌സ് 237 ല്‍ അവസാനിക്കുകയായിരുന്നു. 18 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. സഞ്ജുവിന് പുറമേ ശ്രേയസ് ഗോപാല്‍ മാത്രമാണ്(53) കേരളത്തിനായി തിളങ്ങിയത്. സെഞ്ച്വറി നേടിയ സാഹബ് യുവരാജ് സിംഗിന്റെയും (121) അര്‍ധസെഞ്ച്വറി നേടിയ പ്രാതം സിംഗിന്റെ (61)യും മികവിലാണ് റെയില്‍വേസ് മികച്ച സ്‌കോര്‍ നേടിയത്.

തോല്‍വി വഴങ്ങിയെങ്കിലും കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. കേരളത്തിനും മുംബൈക്കും 20 പോയിന്റ് വീതമായിരുന്നെങ്കിലും മികച്ച റണ്‍റേറ്റിന്റെ ബലത്തിലാണ് കേരളം ഒന്നാമതെത്തിയത്.

Read Also : ഫുട്‌ബോള്‍ ടീമില്ലാത്ത അവസാന രാജ്യം, ഇനിയുമെത്ര കാലം..? പേരുദോഷം മാറ്റാനൊരുങ്ങി മാര്‍ഷല്‍ ദ്വീപുകള്‍

ആഭ്യന്തര ക്രിക്കറ്റില്‍ ഫോമില്ലായെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് സഞ്ജു മികച്ച പ്രകടനം നടത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റ് മത്സരങ്ങളില്‍ കേരള നായകന്റെ രണ്ടാം സെഞ്ച്വറിയാണിത്. ഈ പ്രകടനത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ താരത്തെ പുകഴ്ത്തിയും സെലക്ടര്‍മാരെ വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. ഏറ്റവും കുറച്ച് മാത്രം പരിഗണന കിട്ടിയ താരങ്ങളില്‍ ഒരാളാണ് സഞ്ജുവെന്നും എല്ലാ ഫോര്‍മാറ്റിലും ഉള്‍പ്പെടുത്തേണ്ടിയിരുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

Story Highlights : Sanju Samson scored a century in the vijay hazare trophy