പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങൾ; അവസാനമായി ഇവരെ കണ്ടത് 2019-ൽ
അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് കർണാടകയിൽ നിന്നും ശ്രദ്ധനേടുന്നത്. പൂട്ടിയിട്ടിരുന്ന വീട്ടിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ അസ്ഥീകൂടങ്ങൾ കണ്ടെത്തി. തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് ഇവർ നയിച്ചിരുന്നത്. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഒരു വീട്ടിനുള്ളിൽ നിന്നാണ് അഞ്ച് പേരുടെ അസ്ഥികൂടം കണ്ടെത്തിയത്. തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ മല്ലിടുകയായിരുന്നുവെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
2019 ജൂലൈയിലാണ് അവരെ ആളുകൾ അവസാനമായി കണ്ടത്. ഈ വീട് എപ്പോഴും പൂട്ടിയ നിലയിലായിരുന്നു.രണ്ട് മാസം മുമ്പ് പ്രധാന വാതിൽ തകർത്തതായി നാട്ടുകാർ കണ്ടെങ്കിലും പോലീസിൽ വിവരമറിയിച്ചിരുന്നില്ല. സ്ഥലത്തെ കൂടുതൽ പരിശോധനയിൽ വീടിനുള്ളിൽ അതിക്രമിച്ചുകയറി കൊള്ളയടിക്കുന്ന നിരവധി സംഭവങ്ങൾ നടന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
പൊലീസ് സ്ഥലത്തെത്തിയപ്പോൾ, നാല് അസ്ഥികൂടങ്ങൾ ഒരു മുറിയിലും ഒരെണ്ണം മറ്റൊരു മുറിയിലുമായിരുന്നു. ഒരു മുറിയിലുണ്ടായിരുന്ന അസ്ഥികൂടങ്ങളിൽ രണ്ടെണ്ണം കട്ടിലിലും രണ്ടെണ്ണം നിലത്തുമായിരുന്നു കാണപ്പെട്ടത്. ദേവൻഗെരെയിൽ നിന്നുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി ടീം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പരിചയക്കാരുടെയും ബന്ധുക്കളുടെയും മൊഴിയനുസരിച്ച്, അവശിഷ്ടങ്ങൾ ഒരു ദമ്പതികളുടെയും അവരുടെ പ്രായമായ മകന്റെയും മകളുടെയും 57 വയസ്സുള്ള അവരുടെ ചെറുമകന്റെയും ആണെന്ന് സംശയിക്കുന്നു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
Story highlights- skeleton of family of 5 found in karnataka