കുട്ടികളിലെ സ്മാര്‍ട്‌ഫോണ്‍ ആസക്തി; അവഗണിക്കരുത്, നല്‍കാം അല്‍പം കരുതല്‍

December 22, 2023

നമ്മുടെ കുട്ടികള്‍ നല്ലൊരു സമയവും സ്മാര്‍ട്‌ഫോണുകളില്‍ ചെലവിടുന്നവരാണ്. കളിയും വിനോദത്തിനും പുറമെ കൊവിഡിന്റെ വരവോടെ പഠനവും ഇപ്പോള്‍ നാലിഞ്ച് സ്‌ക്രീനിലേക്ക് ചുരുങ്ങിയിട്ടുണ്ട്. വാശിപിടിച്ചുള്ള കരച്ചിലും മാതാപിതാക്കള്‍ക്ക് മറ്റു ജോലികള്‍ ചെയ്യേണ്ട തിരക്കുകൊണ്ടും കുട്ടികള്‍ക്ക് സ്മാര്‍ട്‌ഫോണ്‍ കൊടുത്ത് ശീലിപ്പിക്കുമ്പോള്‍ ആരും ചിന്തിക്കുന്നില്ല, സമൂഹത്തില്‍ നിന്നും അകന്നൊരു തുരുത്തിലേക്കാണ് ഇവര്‍ ചേക്കേറുന്നത് എന്ന്. കുട്ടിക്കാലം മുതലുള്ള സ്മാര്‍ട്ട് സ്‌ക്രീന്‍ ആസക്തി കുട്ടികളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ( Smartphone addiction in Kids )

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം..

ഉറക്കത്തെ സാരമായി ബാധിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള കുട്ടികളുടെയും ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നുവെങ്കിലും പത്ത് വയസിന് താഴെയുള്ള കുട്ടികളിലാണ് കൂടുതല്‍ അപകടകരം. മറ്റൊന്ന് അമിത വണ്ണമാണ്. കളികളിലൊന്നും ഏര്‍പ്പെടാതെ ഒരു കോണില്‍ ഫോണിലേക്ക് കണ്ണ് നട്ടിരിക്കുമ്പോള്‍ അപകടകരമാം വിധം വണ്ണം കൂടുന്നു എന്നതാണ്. ദിവസവും രണ്ട് മണിക്കൂറിലധികം ഫോണില്‍ ചെലവഴിക്കുന്ന കുട്ടികള്‍ക്ക് ചിന്താശേഷിയും ഭാഷ നൈപുണ്യവും നഷ്ടമാകുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയാണ് ലോകമെമ്പാടും നിലനില്‍ക്കുന്നത്. പഠനത്തിന് പുറമെ വീണ്ടും സ്മാര്‍ട്ട് ഫോണില്‍ സമയം ചിലവഴിച്ചാല്‍ അത് വളരെ മോശമായ അവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കും. പല കുട്ടികള്‍ക്കും എന്താണ് ഫോണ്‍ ഉപയോഗത്തിന്റെ അനന്തര ഫലങ്ങളെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികളുടെ പ്രായമനുസരിച്ച് മാതാപിതാക്കള്‍ അവരുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണം.

ജനിച്ച് അധികം ആഴ്ചകള്‍ കഴിയുന്നതിന് മുമ്പുതന്നെ കുട്ടികള്‍ക്ക് കയ്യില്‍ ഫോണ്‍ നല്‍കുന്നവരും കുറവല്ല. ആ പ്രായത്തിലുള്ള കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം ആര്‍ജിക്കുന്ന തരത്തിലുള്ള കളികളാണ് ആവശ്യം. അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും മറ്റുമായി സമയം കണ്ടെത്തുക. രണ്ട് മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്ക് പഠനാവശ്യത്തിനു മാത്രമായി ഒരുമണിക്കൂര്‍ സമയം മാത്രം ഫോണില്‍ അനുവദിക്കുക. അത് പഠനത്തിന് മാത്രമായിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

Read Also : ചർമ്മ കാന്തിക്കും ആരോഗ്യത്തിനും തേങ്ങാപ്പാലിന്റെ വിശേഷ ഗുണങ്ങൾ

തീരെ ചെറിയ കുട്ടികളെ മറ്റ് കളികളിലേക്ക് ശ്രദ്ധ തിരിച്ചുവിടണം. അവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണം. മുതിര്‍ന്ന കുട്ടികളെ കായിക വിനോദങ്ങളിലും മറ്റും ശ്രദ്ധ ചെലുത്താന്‍ പരിശീലിപ്പിക്കണം. തുടക്കത്തില്‍ പ്രയാസകരമായാലും വളരെ വേഗത്തില്‍ കുട്ടികളിലെ അമിത ഫോണുപയോഗം നിയന്ത്രിക്കാന്‍ സാധിക്കും.

Story Highlights : Smart phone addiction in Kids