വിജയ് ഹസാരെ ട്രോഫി; രാജസ്ഥാനോട് നാണംകെട്ടു, സഞ്ജു ഇല്ലാതെ ഇറങ്ങിയ കേരളം സെമി കാണാതെ പുറത്ത്
വിജയ് ഹസാരെ ട്രോഫിയില്‍ സെമി ഫൈനല്‍ കാണാതെ കേരളം പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെതിരെ നാണംകെട്ട തോല്‍വി വഴങ്ങുകയായിരുന്നു. നായകനായ സഞ്ജു സാംസണ് ഇല്ലാതെ ഇറങ്ങിയ കേരളത്തെ കേരളത്തെ രാജസ്ഥാന് 200 റണ്‍സിനാണ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 67 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ( Vijay Hazare Trophy Rajasthan beat Kerala )
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അഭാവത്തിലാണ് കേരളം നിര്‍ണായകമായ ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മഹിപാല്‍ ലോംറോര്‍ സെഞ്ച്വറി നേടി. താരം 114 പന്തില്‍ 122 റണ്‍സുമായി പുറത്താകാതെ നിന്നു. 66 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കുനാല്‍ സിംഗ് റാത്തോഡ് മികച്ച പിന്തുണ നല്കി. കേരളത്തിനായി അഖിന് സത്താര്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ കേരള ിരയില് രണ്ട് പേര് മാത്രമാണ് രണ്ടക്കം കടന്നത്. നാല് പേരാണ് പൂജ്യത്തിന് മടങ്ങിയത്. 39 പന്തില്‍ 28 റണ്‍സെടുത്ത സച്ചിന് ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. രോഹന് കുന്നുമ്മല്‍ 11 റണ്‍സെടുത്തു. മഹാരാഷ്ട്രയ്ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ഓപ്പണര്‍ കൃഷ്ണപ്രസാദ് ക്വാര്‍ട്ടറില്‍ വെറും ഏഴ് റണ്‍സിന് പുറത്തായി.
Read Also : ‘റഫറിമാര്‍ക്കെതിരായ വിമര്‍ശനം’; ബ്ലാസ്റ്റേഴ്സ് പരിശിലകന് ഇവാന് വുകോമനോവിച്ചിന് വീണ്ടും വിലക്ക്
അനികേത് ചൗധരിയുടെയും അറഫാത്ത് ഖാന്റെയും ബൗളിങ്ങാണ് കേരളത്തെ തരിപ്പണമാക്കിയത്. അനികേത് നാലും, ഖാന് മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റ് എടുത്തപ്പോള്‍ റിട്ടേര്‍ഡ് ഹര്‍ട്ടായ വിഷ്ണു വിനോദ് ബാറ്റ് ചെയ്യാന്‍ പിന്നീട് ഇറങ്ങിയില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ പരിക്കേറ്റ വിഷ്ണു തിരിച്ചുകയറുകയായിരുന്നു.
Story highlights : Vijay Hazare Trophy Rajasthan beat Kerala