ആറ് മിനിട്ടിനുള്ളിൽ ഹാട്രിക്, അട്ടിമറിക്കും ഞെട്ടിക്കും; ലാലിഗയിൽ വിസ്മയിപ്പിച്ച് ജിറോണ..!
ലാലിഗയില്‍ അത്ഭുതക്കുതിപ്പ് തുടരുകയാണ് ജിറോണ എഫ്.സി. യുക്രേനിയന്‍ താരം ആര്ടെ ഡോവ്ബിക് ആറ് മിനിട്ടിനുള്ളില്‍ ഹാട്രിക് തികച്ച മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സെവിയ്യയെയാണ് തറപറ്റിച്ചത്. വിക്ടര്‍ സിഹങ്കോവ്, ക്രിസ്റ്റിയന്‍ സ്റ്റുവാനി എന്നിവരാണ് കറ്റാലന്‍ ക്ലബിന്റെ മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ഈ ജയത്തോടെ ജിറോണ വീണ്ടും ലാലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരികെപ്പിടിച്ചു. ( Artem Dovbyk scored hat-trick for Girona )
ജിറോണുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ സെവിയ്യയാണ് ലീഡെടുത്തത്. പെഡ്രോസയുടെ പാസില്‍ നിന്നും ഇസാക് റൊമേറോ ബെര്‍ണല്‍ ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് ജിറോണയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ സെവിയ്യ തകര്‍ന്നടിയുകയായിരുന്നു. ആദ്യ ഗോള്‍ വഴങ്ങി മുന്ന് മിനിട്ടിനകം തന്നെ
ഡോവ്ബികിലൂടെ സമനില കണ്ടെത്തിയ ജിറോണ, നാല് മിനിട്ടിന്റെ ഇടവേളയില്‍ രണ്ട് പ്രാവശ്യം കൂടെ സെവിയ്യ വലയില്‍ പന്തെത്തിച്ചു.
13-ാം മിനിട്ടില്‍ സാവിയോയുടെ ഹെഡറില്‍ നിന്നും സെവിയ്യ വലകുലുക്കിയ ഡോവ്ബിക് 15,19 മിനിട്ടുകളിലാണ് ഹാട്രിക് പൂര്‍ത്തിയാക്കിയത്. ഇതോടെ മത്സരം 20 മിനിട്ട് പിന്നിട്ടപ്പോഴേക്കും ആതിഥേയര്‍ വ്യക്തമായ മേധാവിത്വം നേടിയെടുക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് ജിറോണ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. മത്സരത്തിന്റെ സമഗ്ര മേഖലകളിലും മേധാവിത്വം നേടിയാണ് ജിറോണ മുന്‍ ലീഗ് ചാമ്പ്യന്മാര്ക്കെതിരെ ജയിച്ചുകയറിയത്.
ഹാട്രിക് നേട്ടത്തോടെ ലാലിഗ ടോപ് സ്കോറര്‍ പട്ടികയിലും ഡോവ്ബിക് ഒന്നാമതെത്തി. റയല്‍ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ഹാമിനെ മറികടന്ന യുക്രേനിയന്‍ യുവതാരം ഗോള്‍നേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. ഇരുവരുടെയും അക്കൗണ്ടില്‍ 14 ഗോളുകളാണുള്ളത്.
Read Also : മിഷേല്‍ സാഞ്ചസിന്റെ ‘വണ്ടര്‍ സ്വകാഡ്’; ലാ ലിഗയില്‍ ജിറോണയുടെ അത്ഭതക്കുതിപ്പ്..!
ജയത്തോടെ പോയിന്റ് പട്ടികയിലും ജിറോണ ഒന്നാമതെത്തി. 21 മത്സരങ്ങളില്‍ 16 വിജയങ്ങളും നാല് സമനിലയും ഒരു തോല്‍വിയും അടക്കം 52 പോയിന്റാണ് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച് 51 പോയിന്റുമായി റയല്‍ മാഡ്രിഡും 44 പോയിന്റുമായി ബാഴ്സലോണയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.
Story highlights : Artem Dovbyk scored hat-trick for Girona