ബാഴ്സക്കായി സമനില ഗോൾ; പിന്നാലെ കാൻസർ രോഗിയായ കുഞ്ഞു ആരാധികക്ക് ജഴ്സി സമ്മാനിച്ച് ഫെറാൻ ടോറസ്
കോപ ഡെല്‍ റേയില്‍ അവസാന എട്ടില്‍ ഇടംപിടിച്ച് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. റൗണ്ട് ഓഫ് 16 മത്സരത്തില്‍ മൂന്നാം ഡിവിഷന് ക്ലബ് യൂനിയന്‍ ഇസ്റ്റാസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ജയത്തിനൊപ്പം തന്നെ ബാഴ്സ താരം ഫെറാന്‍ ടോറസിന്റെ വേറിട്ട ഗോളാഘോഷമാണ് ശ്രദ്ധ നേടിയത്. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു ഫെറാന്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്. ( Ferran Torres Gifts Jersey To Cancer patient )
താരതമ്യേന ദുര്‍ബലരായ യൂനിയന്‍ ഇസ്റ്റാസ് ബാഴ്സയെ ഞെട്ടിച്ചുകൊണ്ടാണ് തുടങ്ങിയത്. മത്സരം 30 മിനിട്ട് പിന്നിട്ടതിന് പിന്നാലെ ആല്‍വാരോ ഗോമസിലുടെ യൂനിയന്‍ ഇസ്റ്റാസ് ലീഡെടുത്തു. സമനില ഗോളിനായി തുടര്‍ച്ചയായി എതിര്‍പോസ്റ്റില്‍ ഭീതി സൃഷ്ടിച്ച ബാഴ്സ 45-ാം മിനിട്ടില്‍ ജാവോ ഫെലിക്സിന്റെ അസിസ്റ്റില്‍ ഫെറാന്‍ ടോറസിലുടെയാണ് സമനില ഗോള്‍ നേടിയത്.
ഗോള്‍ നേടിയതിന് പിന്നാലെയാണ് ഫെറാന്‍ ടോറസ് കാന്‍സര്‍ രോഗിയായ കുഞ്ഞു ആരാധികക്ക് ജഴ്സി ഊരിനല്‍കിയത്. ഗാലറിയിലെ മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന മരിയ എന്ന ആരാധികക്ക് ജഴ്സി സമ്മാനിച്ച ശേഷം താരം അവരെ ആശ്ലേഷിക്കുന്നുമുണ്ട്. മത്സരത്തിനിടെയുണ്ടായ താരത്തിന്റെ ഈ വേറിട്ട ആഘോഷം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ജഴ്സി പിന്നീട് ആരാധിക അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
🥹 SU SONRISA.#LaCopaMola🏆 | #CopaDelRey https://t.co/GL2bkMhOyg pic.twitter.com/MBW7vZ4krV
— RFEF (@rfef) January 18, 2024
Read Also : സ്വപ്നസാഫല്യം..! അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും
ഫെറാന്‍ ടോറസിന് പുറമെ, 69-ാം മിനിട്ടില്‍ ജൂള്‍സ് കുണ്ടെയും 73-ാം മിനിട്ടില്‍ അലെജാന്ദ്രോ ബാള്ഡെയുമാണ് ബാഴ്സയുടെ ഗോളുകള്‍ നേടിയത്. ഇഞ്ച്വറി ടൈമിലേക്ക് നീണ്ട മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് 4-2ന് റയല്‍ മാഡ്രിഡിനെ തോല്പിച്ചു. നിശ്ചിത 90 മിനിട്ടില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതമടിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. സാമുവല്‍ ലിനോ, അല്‍വാരോ മൊറാട്ട, അന്റോയിന്‍ ഗ്രീസ്മാന്, റോഡ്രിഗോ റിക്വല്‍മെ എന്നിവര്‍ അത്ലറ്റികോയ്ക്കായി ഗോള്‍ നേടിയപ്പോള്‍ ജാന്‍ ഒബ്ലാക്കിന്റെ സെല്‍ഫ് ഗോളും ജൊസേലുവിന്റെ ഗോളുമാണ് റയലിന്റെ തോല്‍വിഭാരം കുറച്ചത്.
Story highlights ; Ferran Torres Gifts Jersey To Cancer patient