“അൻപ് മകളേ”…. നൊമ്പരമായി ഇളയരാജ പങ്കുവെച്ച കുറിപ്പും ചിത്രവും!

January 26, 2024

തമിഴകത്തിനാകെ നൊമ്പരമായ വാർത്തയായിരുന്നു സംഗീതജ്ഞൻ ഇളയരാജയുടെ മകൾ ഭവതാരിണിയുടെ അകാല വിയോഗം. ഇളയരാജയുടെ മകളും കാർത്തിക് രാജയുടെയും യുവൻ ശങ്കർ രാജയുടെയും സഹോദരിയുമാണ് ഭവതാരിണി. അകാലത്തിൽ പൊലിഞ്ഞ മകളുടെ വേർപാടിന്റെ വേദന താങ്ങാൻ ആ പിതാവിന് ദൈവം ശക്തി നല്കട്ടെ എന്നാണ് ലോകം മുഴുവൻ ഒന്നായി പ്രാർത്ഥിക്കുന്നത്. ഇപ്പോൾ അച്ഛനൊപ്പമുള്ള മകളുടെ ബാല്യകാല ചിത്രമാണ് വീണ്ടും നൊമ്പരമാകുന്നത്. (Ilayaraja shares adorable childhood picture of daughter)

ഇളയരാജ തന്നെയാണ് X-ലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പമുള്ള അൻപ് മകളെ… (പ്രിയ മകളേ) എന്ന കുറിപ്പും ആഴത്തിൽ സ്പർശിക്കുന്നു. കുട്ടി ഫ്രോക്കിട്ട് അച്ഛൻ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുന്ന കുഞ്ഞ് ഭവതാരിണിയെ ചിത്രത്തിൽ കാണാം.

കഴിഞ്ഞ ആറ് മാസമായി കരൾ അർബുദത്തിന് ചികിത്സയിലായിരുന്നു ഭവതാരിണി. അടുത്തിടെ, തുടർ ചികിത്സയ്ക്കായി ശ്രീലങ്കയിലേക്ക് കൊണ്ടുപോയിരിക്കുകയായിരുന്നു. ‘രാസയ്യ’ എന്ന ചിത്രത്തിലൂടെയാണ് ഭവതാരിണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. അന്നുമുതൽ തന്റെ പിതാവ് ഇളയരാജയ്ക്കും സഹോദരങ്ങളായ കാർത്തിക് രാജയ്ക്കും യുവൻ ശങ്കർ രാജയ്ക്കും വേണ്ടി ഗായിക പാട്ടുകൾ പാടി.  ‘ഭാരതി’യിലെ ‘മയിൽ പോല പൊന്നു ഒന്ന്’ എന്ന തമിഴ് ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും അവർ നേടി.

Read also: ഈ പിതാവിന് മകളുടെ വേർപാട് താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ- ഭവതാരിണിയുടെ വിയോഗത്തിൽ ഇളയരാജയുടെ നൊമ്പരമോർത്ത് തമിഴകം

2002-ൽ രേവതി സംവിധാനം ചെയ്ത ‘മിത്ർ, മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന്റെ സംഗീതസംവിധായകയായി. തുടർന്ന് ‘ഫിർ മിലേംഗേ’യ്ക്കും ഒരുപിടി ചിത്രങ്ങൾക്കും അവർ സംഗീതം നൽകി. ‘മായാനദി’ എന്ന മലയാള ചിത്രത്തിനുവേണ്ടിയും ചെയ്തിരുന്നു. ‘കാതലുക്ക് മരിയാധൈ’, ‘ഭാരതി’, ‘അഴഗി’, ‘ഫ്രണ്ട്സ്’, ‘പാ’, ‘മങ്കാത്ത’, ‘അനേഗൻ’ തുടങ്ങിയ തമിഴ് സിനിമകളിൽ അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Story highlights: Ilayaraja shares adorable childhood picture of daughter