ശമ്പളമില്ല, പ്രധാന താരങ്ങളും പരിശീലകനും ടീം വിട്ടു; പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ഹൈദരബാദ് എഫ്.സി
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ഐഎസ്എല്‍ മുന്‍ ചാമ്പ്യന്മാരായ ക്ലബായ ഹൈദരാബാദ് എഫ്സി. ശമ്പളം ലഭിക്കാത്തതോടെ വിദേശ താരങ്ങളായ ജൊനാഥന് മോയ, ഫിലിപെ അമോറിം, ഒസ്വാള്‍ഡോ അലാനിസ് എന്നിവര്‍ നേരത്തെ ടീം വിട്ടു. മുഖ്യ പരിശീലകന് കോണര്‍ നെസ്റ്റര്‍ ആണ് അവസാനമായി ടീം വിട്ടത്. ഇന്ത്യന്‍ താരങ്ങളില്‍ പലരും കരാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റിനു കത്ത് നല്‍കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ( ISL Club hyderabad fc in financial crisis )
താരങ്ങള്‍ക്ക് പുറമെ പല ജീവനക്കാര്‍ക്കും ക്ലബ് പണം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ജീവനക്കാരന്റെ ഭാര്യയുടെ ശസ്ത്രക്രിയക്ക് താരങ്ങളെല്ലാം ചേര്‍ന്ന് പിരിവിട്ടാണ് പണം കണ്ടെത്തിയത്. ചില ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും താരങ്ങള്‍ പിരിവിട്ടു. കോണര്‍ നെസ്റ്റര്‍ ക്ലബ് വിട്ടത് വാട്സപ്പ് മെസേജിലൂടെയാണ് താരങ്ങളെ അറിയിച്ചതെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. സഹ പരിശീലകന് താങ്ബോയ് സിങ്തോ ആണ് നിലവില്‍ ടീമിനെ പരിശീലിപ്പിക്കുന്നത്.
ശമ്പളമില്ലാത്തതിനാല്‍ ടീമിനെ പരിശീലനത്തിനു കൊണ്ടുപോയിരുന്ന ബസിന്റെ ഡ്രൈവര്‍ ജോലിക്കെത്തില്ലെന്ന് ക്ലബ് അധികൃതരെ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്ലബിലേക്ക് ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്ന ഏജന്‍സി പണം ലഭിക്കാത്തതിനാല്‍ പിന്‍വാങ്ങി. ദിവസവും 30 മിനുട്ട് മുതല്‍ 40മിനുട്ട് മാത്രമാണ് ഹൈദരാബാദ് എഫ്.സി താരങ്ങള്‍ പരമാവധി പരിശീലിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും പ്രധാന താരങ്ങളില്‍ പലരെയും കാരണം കൂടാതെ പ്ലേയിങ് ഇലവനില്‍ നിന്നു മാറ്റി നിര്‍ത്തിയതായും പരാതി ഉയര്‍ന്നിരുന്നു.
എവേ മത്സരത്തിനായി ജംഷഡ്പൂരിലെത്തിയപ്പോള്‍ താമസിച്ച ഹോട്ടലിന്റെ ബില്‍ ഹൈദരാബാദ് ടീം അടച്ചില്ലെന്നും പരാതിയുണ്ട്. ഹോട്ടല്‍ അധികൃതര്‍ ടീമിനെതിരെ പൊലീസില്‍ പരാതി നല്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഗള്‍ഫിലെ ഒരു ടീം ഹൈദരാബാദ് എഫ്.സിയില്‍ നിക്ഷേപം നടത്താന്‍ താല്പര്യം അറിയിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Read Also : ‘അനുശ്രീയിൽ തുടങ്ങി സാറയിൽ അവസാനിച്ച 2023’- നന്ദി കുറിപ്പുമായി അനശ്വര രാജൻ
ഇതുവരെ ലീഗില്‍ ഒറ്റ മത്സരം പോലും വിജയിക്കാനാകാതെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദ് എഫ്സി. 11 കളിയില്‍ ഏഴെണ്ണം തോറ്റപ്പോള്‍ നാല് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. സമനിലയില്‍ കിട്ടിയ നാല് പോയിന്റ് മാത്രമാണ് ആകെയുള്ള സമ്പാദ്യം.
Story highlights : ISL Club hyderabad fc in financial crisis