ഒരൊറ്റ വിജയം, സങ്കടത്തിന്റെ എയ്സുകളെ അടിച്ചുപറത്തി സുമിത് നാഗൽ; പോരാട്ടവീര്യത്തിന്റെ കഥ
‘തന്റെ അക്കൗണ്ടിലുള്ളത് 900 യൂറോ മാത്രം, മുന്നോട്ട് പോകാന്‍ ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയാണ്’ – അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെന്നീസ് താരത്തിന്റെ വാക്കുകളാണിത്. സ്വന്തം പരിശീലകന് പ്രതിഫലം നല്‍കുന്നതിനും മികച്ച പരിശീലനം നേടുന്നതിനും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ആവശ്യമായ സാമ്പത്തിക ശേഷിയില്ലാതെ വലഞ്ഞ ഒരു സാഹചര്യം. ഈ പ്രതിസന്ധികളെയെല്ലാം കഠിനാധ്വാനം കൊണ്ടും കൃത്യമായ തയ്യാറെടുപ്പുകളിലൂടെയും മറികടന്ന താരം ഇന്ന് ഇന്ത്യന്‍ ടെന്നീസിന്റെ നെറുകയിലാണ്.. അത് മറ്റാരുമല്ല ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ അത്ഭുത ജയം നേടിയ സുമിത് നാഗല്‍. ( Sumit Nagel’s historic victory in the Australian Open )
ഒരു വര്‍ഷത്തെ എ.ടി.പി. ടൂറിന് ഏകദേശം ഒരു കോടി രൂപയോളം വരുമായിരുന്നിടത്ത് സുമിത്തിന്റെ അക്കൗണ്ടില്‍ 80,000 രൂപയാണ് ഉണ്ടായിരുന്നതെന്നായിരുന്നു സുമിത് തുറന്നുപറഞ്ഞത്. വിവിധ ചെറുകിട ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തും ഐ.ഒ.സി.എലില്‍നിന്ന് ലഭിച്ച ശമ്പളവും മഹാ ടെന്നീസ് ഫൗണ്ടേഷനില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക പിന്തുണയും ബാങ്കില്‍ നിക്ഷേപിച്ചാണ് സുമിത്ത് സ്വന്തം പരിശീലകര്‍ക്കുള്ള പ്രതിഫലം നല്‍കിയിരുന്നത്. വന്‍കിട സ്പോണ്‍സര്‍മാര്‍ ഇല്ലാതിരുന്നതോടെ ഫിസിയോയുടെ സേവനങ്ങളും കൂടെയില്ലാതെയാണ് സുമിത്ത് റാക്കറ്റേന്തുന്നത്. സാമ്പത്തിക പ്രയാസങ്ങള്‍ പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ.യുമായി പങ്കുവച്ചതോടെയാണ് പിന്നെ പെപ്സിക്കോ ഇന്ത്യ, ഡല്‍ഹി ലോണ്‍ ടെന്നിസ് അസോസിയേഷന് തുടങ്ങിയവര്‍ സാമ്പത്തിക സഹായം നല്‍കിയത്.
സുമിത്തിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ നേരിട്ട് പ്രവേശനം അനുവദിച്ചിരുന്നില്ല. പാകിസ്ഥാനെതിരായ ഡേവിസ് കപ്പ് മത്സരത്തിനുള്ള ടീമില്‍ നിന്ന് പിന്മാറിയതോടെ ഓള് ഇന്ത്യ ടെന്നീസ് അസോസിയേഷന് സുമിത്തിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നിഷേധിക്കുകയായിരുന്നു. സുഹൃത്തുക്കളായ സോംദേവ് ദേവ് വര്‍മനും ക്രിസ്റ്റഫര്‍ മാര്‍ക്വിസും സഹായിച്ചതിനെ തുടര്‍ന്ന് ജര്‍മനിയിലെത്തി വിദഗ്ധ പരിശീലനം നടത്തുന്നതിനിടെയാണ് അസോസിയേഷന് ഇന്ത്യന്‍ ഒന്നാം നമ്പര്‍ താരത്തെ തഴഞ്ഞത്. ഇതോടെ യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുക എന്നതായിരുന്നു സുമിത്തിന് മുന്നിലുള്ള ഏകവഴി. ഇതോടെ ജയിക്കേണ്ടത് സുമിത്തിന്റെ നിലനില്പിന് അത്യാവശ്യമായിരുന്നു. മൂന്ന് യോഗ്യത മത്സരങ്ങളിലും ഒരു സെറ്റ് പോലും നഷ്ടമാകാതെ ജയിച്ചുകയറിയ സുമിത്ത് തന്റെ യോഗ്യതയ്ക്കൊപ്പം മികച്ച സാമ്പത്തിക ഭദ്രതയും കൈവരിച്ചു.
ഈ ജയത്തോടെ താരപരിവേഷത്തിനൊപ്പം വലിയൊരു തുകയാണ് സമ്മാനമായിട്ട് നാഗലിന്റെ പോക്കറ്റിലെത്തുക. ഗ്രാന്‍ഡ്സ്ലാം കിരീട പോരാട്ടത്തിലെ ആദ്യ റൗണ്ടില്‍ ജയം നേടിയതോടെ 98 ലക്ഷത്തോളം രൂപയാണ് സുമിത്തിന് ലഭിച്ച സമ്പാദ്യം. രണ്ടാം റൗണ്ടില്‍ ചൈനയുടെ ജുന്‍ചെങ് ഷാങ്ങിനെയാണ് സുമിത് നേരിടുക. ഇതിലും ജയിക്കാനായാല്‍ ഒരു കോടി നാല്പത് ലക്ഷത്തോളം രൂപയാണ് അക്കൗണ്ടിലെത്തുക.
കസാഖ്സ്ഥാന്റെ ലോക 27-ാം നമ്പറും 31-ാം സീഡുമായ അലക്സാണ്ടര്‍ ബബ്ലികിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക റാങ്കിങ്ങില്‍ 137-ാം സ്ഥാനത്തുള്ള സുമിത് ഓസ്ട്രേലിയന്‍ ഓപ്പണിലേക്കുള്ള തന്റെ വരവറിയിച്ചത്. 6-4, 6-2, 7-6 എന്ന സ്കോറിനായിരുന്നു നാഗലിന്റെ ചരിത്രവിജയം. ഇതോടെ 35 വര്‍ഷത്തിനിടെ ടെന്നിസ് ഗ്രാന്ഡ്സ്ലാമില് ഒരു സീഡ് താരത്തെ പരാജയപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും സുമിത് നാഗല്‍ മാറിയിരുന്നു. 1989 ഓസ്ട്രേലിയന്‍ ഓപ്പണില്‍ അന്നത്തെ ലോക ഒന്നാം നമ്പറും ചാമ്പ്യനുമായ മാറ്റ്സ് വിലാന്‍ഡറിനെതിരേ രമേശ് കൃഷ്ണ നേടി വിജയമാണ് ഇതിനുമുമ്പ് ഒരു ഇന്ത്യന്‍ താരം ഗ്രാന്ഡ്സ്ലാമില് നേടിയ ഏറ്റവും വലിയ വിജയം.
തോറ്റാലെന്താ, ഫെഡറര്‍ക്കെതിരെ ആദ്യ സെറ്റ് നേടിയില്ലെ; സുമിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന് 2019-ല്‍ സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരായ മത്സരം. 2019
യു.എസ് ഓപ്പണിലെ ആദ്യ റൗണ്ടില്‍ ഇതിഹാസം റോജര്‍ ഫെഡററെ വിറപ്പിച്ച ശേഷമാണ് സുമിത് കീഴടങ്ങിയത്. മത്സരത്തിന്റെ ആദ്യ സെറ്റ് 6-4 എന്ന സ്കോറിന് സ്വന്തമാക്കിയ സുമിത് യുഎസ് ഓപ്പണില്‍ ചരിത്രം കുറിക്കുമെന്ന പ്രതീക്ഷ നല്കി. എന്നാല്‍ അടുത്ത മൂന്ന് സെറ്റുകള്‍ അനായാസം നേടിയ ഫെഡറര്‍ മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു. അന്ന് 190-ാം റാങ്കുകാരനായാണ് സുമിത് മത്സരത്തിനെത്തിയിരുന്നത്. താരത്തിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ചുകൊണ്ട് യുഎസ് ഓപ്പണിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ അടക്കം പോസ്റ്റുകള്‍ വന്നിരുന്നു.
Story highlights : Sumit Nagel’s historic victory in the Australian Open