61-ാം ജന്മദിനത്തില് 61 കിലോമീറ്റര്; പ്രായത്തെ ഓടിത്തോല്പിച്ച് സുനില്കുമാര്
പിറന്നാള് ദിനത്തില് വേറിട്ട ആഘോഷവുമായി അമരമ്പലം സ്വദേശി പി.സി സുനില്കുമാര്. 61-ാം ജന്മദിനത്തില് 61 കിലോമീറ്റര് ഓടിത്തീര്ത്താണ് വേറിട്ട ആഘോഷം. പ്രായം ഓർത്താണോ അതോ പ്രായം മറന്നാണോ അദ്ദേഹം ഓടുന്നതെന്ന് ചേദിച്ചാൽ അതിന് രണ്ട് ഉത്തരമാണുള്ളത്. ഓരോ പിറന്നാൾ ദിനത്തിലും തന്റെ പ്രായത്തിനൊത്ത കിലോമീറ്ററാണ് സുനിൽ കുമാർ ഓടുന്നത്. അങ്ങനെ നോക്കിയാൽ അതൊരു ഓർമ്മപ്പെടുത്തലാണ്. മറിച്ച് ഈ പ്രായത്തിൽ 61 കിലോമീറ്റർ ഓടിത്തീർക്കുക എന്നത് പ്രായം മറന്നുള്ള ഓട്ടമാണ്. ( Sunilkumar celebrated his birthday by running 61 km )
റിട്ട. അസി. എക്സൈസ് ഓഫിസറായ സുനിൽ കുമാറിന് ഓട്ടം ഒരു ഹരമാണ്. ഇന്നലെയാണ് അദ്ദേഹത്തിന് 61 വയസ് തികഞ്ഞത്. എക്സൈസ് വകുപ്പിൽ നിന്ന് വിരമിച്ച ശേഷം പ്രായത്തിനൊത്ത അത്രയും കിലോമീറ്റർ ഓടിയാണ് പിറന്നാൾ ആഘോഷം. ആ പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. ആഘോഷത്തിന്റെ ഭാഗമായി 61 കിലോമീറ്ററാണ് ഓടിയത്.
പുലർച്ചെ രണ്ട് മണിയോടെയാണ് പൂക്കോട്ടുംപാടം ടൗണിൽ നിന്നാണ് ഓട്ടം ആരംഭിച്ചത്. അമരമ്പലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ ഹമീദ് ലബ്ബ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു. വാണിയമ്പലം, വണ്ടൂർ, നിലമ്പൂർ, ചുങ്കത്തറ, എടക്കര, മൂത്തേടം, കരുളായി വഴി 61 കിലോമീറ്റർ പൂർത്തിയാക്കി രാവിലെ 8.30 ഓടെ പൂക്കോട്ടുംപാടത്താണ് ഓട്ടം അവസാനിപ്പിച്ചത്.
ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട നിരവധിയാളുകളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ പൊതുജനങ്ങളിലേക്ക് വ്യായാമത്തിന്റെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കായിക താരം കൂടിയായ സുനിൽകുമാർ വ്യത്യസ്തമായി ജന്മദിനം ആഘോഷിച്ചത്. ഓട്ടം പൂർത്തിയാക്കിയ സുനിൽകുമാറിനെ സൺ റൈസസ് കൂട്ടായ്മയും ഗ്രാമപഞ്ചായത്ത് അധികൃതരും നാട്ടുകാരും ആദരിച്ചു.
Read Also : ‘ഹാവൂ ആശ്വാസമായി’; അമ്മയുടെ കൈകളിലുറങ്ങുന്ന കുട്ടിക്കൊമ്പന്റെ വൈറൽ ചിത്രം!
2019-ലാണ് സുനിൽ കുമാർ എക്സൈസ് വകുപ്പിൽനിന്ന് അസി. എക്സൈസ് ഇൻസ്പെക്ടറായി വിരമിച്ചത്. അതിന് ശേഷം പൂക്കോട്ടുംപാടത്ത് സൺ റൈസ് റണ്ണേഴ്സ് എന്ന പേരിൽ ഒരി കായികാരോഗ്യ ഗ്രൂപ്പിന് രൂപം നൽകിയിട്ടുണ്ട്. ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ള നൂറോളം പൂക്കോട്ടുംപാടം ഹൈസ്കൂൾ മൈതാനത്ത് പരിശീലനം നടത്തുന്നുണ്ട. ഇതിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി സൗജന്യ കായിക പരിശീലനം നൽകാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.
Story highlights : Sunilkumar celebrated his birthday by running 61 km