“ആരും പറയാത്ത മറയൂരിന്റെ കഥ”; ‘ദി ഗേറ്റ് കീപ്പേഴ്സ് ഓഫ് സാൻഡൽവുഡ്’ ട്രെയ്ലർ പുറത്ത്!
ഏഷ്യയിൽ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക ചന്ദന മരങ്ങൾ കാണപ്പെടുന്നത് കേരളത്തിലെ മറയൂർ ചന്ദനക്കാടുകളിൽ മാത്രമാണ്. കൊച്ചിയുടെ ആറിലൊന്ന് വലിപ്പമുള്ള മറയൂർ ചന്ദനക്കാട് നിലവിൽ ഇന്ത്യയിലെ മികച്ച ചന്ദനത്തടികളുള്ള ചുരുക്കം ചില വനങ്ങളിൽ ഒന്ന് കൂടെയാണ്. കോടികൾ മൂല്യമുള്ള ഈ ടൺ കണക്കിന് ചന്ദനമരങ്ങൾക്ക് സുരക്ഷയും അനിവാര്യമാണ്. (‘The Gatekeepers of Sandalwood’ Documentary Trailer)
വർഷങ്ങളായി ഈ മരങ്ങളെ സംരക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് കാവൽ നിൽക്കുന്ന ഒരു കൂട്ടം വനപാലകരുണ്ട്. അപകടം മനുഷ്യരായോ മൃഗങ്ങളായോ വന്നാലും തലയുയർത്തി നിന്ന് പോരാടാൻ കെൽപ്പുള്ളവരാണിവർ. ഏത് ഇരുട്ടിന്റെ മറവിലും ധൈര്യമായി പോരാടാൻ മനസ്സും ശരീരവും സജ്ജമാക്കി നിൽക്കുന്നവർ.
ഈ കാവൽപ്പടയുടെയും ചന്ദനക്കാടിന്റെയും കഥ ലോകത്തോട് പറയുകയാണ് ട്വൻറിഫോർ ന്യൂസ് ‘ദി ഗേറ്റ് കീപ്പേഴ്സ് ഓഫ് സാൻഡൽവുഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ. കഥകൾക്കപ്പുറം ജീവിച്ച ജീവിതം ഈ വനപാലകർ പറയുമ്പോൾ പ്രേക്ഷർക്ക് മുന്നിലെത്തുന്നത് ചമയങ്ങളില്ലാത്ത യഥാർഥത മനുഷ്യരും പച്ചയായ ജീവിതാനുഭവങ്ങളും. പറയാൻ പോകുന്ന ആ വലിയ കഥയുടെ കാതലായി ‘ദി ഗേറ്റ് കീപ്പേഴ്സ് ഓഫ് സാൻഡൽവുഡിന്റെ ട്രെയ്ലർ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു.
ജീവിതത്തിന്റെ, ചോരയുടെ, വിയർപ്പിന്റെ, പ്രതാപത്തിന്റെ കഥ പറയുന്ന ‘ദി ഗേറ്റ് കീപ്പേഴ്സ് ഓഫ് സാൻഡൽവുഡ്’ ഉടൻ തന്നെ റിലീസാകും.
മറിയ ട്രീസ ജോസഫ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ഡിഓപി ടിഡി ശ്രീനിവാസാണ്. പ്രശാന്ത് കണ്ണനാണ് മനോഹരമായ ദൃശ്യങ്ങൾക്ക് പിന്നിൽ. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സനു വർഗീസ് ആണ്. സൗണ്ട് & ഫൈനൽമിക്സ് : ആദർശ് രവീന്ദ്രൻ, മ്യൂസിക്: R.E.T, കളറിസ്റ്റ്: പ്രിജു ജോസ്, വിഎഫ്എക്സ്: നിതിൽ ബെസ്റ്റോ, അസി.ക്യാമറാമാൻ: കണ്ണൻ, അസോ.ഡയറക്ടർ: സനു വർഗീസ്, ആദർശ് രവീന്ദ്രൻ.
Story highlights: ‘The Gatekeepers of Sandalwood’ Documentary Trailer