സിനിമ കാണുന്നത് വ്യക്തിപരം, എന്നാൽ വോട്ട് ചെയ്യുന്നത് പൗരന്റെ കടമ; ടൊവിനൊ തോമസ്

January 25, 2024

സിനിമ കാണുന്നത് വ്യക്തി താല്‍പര്യവും എന്നാല്‍ വോട്ട് ചെയ്യുന്നത് കടമയാണമാണെന്നും യുവവോട്ടര്‍മാരെ ഓര്‍മിപ്പിച്ച് നടന്‍ ടൊവിനൊ തോമസ്. കൊച്ചിയില്‍ നടന്ന ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു ടൊവിനോ. എല്ലാവരും കൃത്യമായി സമ്മതിദായകാവകാശം വിനിയോഗിക്കണമെന്നും ടൊവിനൊ പറഞ്ഞു. ( Tovino Thomas talks about voting )

വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ പ്രധാന്യം യുവ വോട്ടര്‍മാരില്‍ സൃഷ്ടിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു വേദി സംഘടിപ്പിച്ചത്. നഗര വോട്ടര്‍മാരുടെയും, ചെറുപ്പക്കാരുടെയും വോട്ടിംഗ് ശതമാനം ഉയര്‍ത്തുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. തൃക്കാക്കര ഭാരത് മാതാ കോളജില്‍ നടന്ന പരിപാടിയില്‍ സിനിമ താരം ടൊവിനോ തോമസ് മുഖ്യാതിഥിയായി. ജോലിത്തിരക്കിലും വോട്ട് ചെയ്യാന്‍ കിട്ടുന്ന അവസരം പാഴാക്കില്ലെന്നും, പുതിയ വോട്ടര്‍മാരും ആ അവകാശം നിറവേറ്റണമെന്നും ടൊവിനൊ ഓര്‍മിപ്പിച്ചു.

Read Also : ഒരു ജനാധിപത്യ സമൂഹത്തിൽ ഓരോ വോട്ടിനുമുണ്ട് വില; ഇന്ന് ദേശീയ വോട്ടേഴ്‌സ് ദിനം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മതിദായക സത്യപ്രതിജ്ഞ വിദ്യാര്‍ഥികള്‍ക്ക് ടൊവിനൊ ചൊല്ലിക്കൊടുത്തു. തലമുറകളുടെ തുല്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയെന്നതാണ് സമ്മതിദാനവകാശത്തിന്റെ ലക്ഷ്യം. ഇത് ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണെന്നും വേദിയില്‍ വെച്ച് ടൊവിനോ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജയ് കൗള്‍, ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ജില്ലകള്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്തു.

Story highlights : Tovino Thomas talks about voting