ബൗണ്ടറി ലൈനിൽ ‘സൂപ്പർമാനായി’ വിരാട് കോലി ; ആ രക്ഷപ്പെടുത്തൽ ഇല്ലായിരുന്നെങ്കിൽ..!

January 18, 2024

ആവേശം നിറഞ്ഞ ത്രില്ലര്‍ പോരട്ടത്തിനൊടുവിലാണ് അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി-20 മത്സരത്തില്‍ രോഹിതും സംഘവും ജയിച്ചു കയറിയത്. നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും 212 റണ്‍സ് നേടിയതോടെയാണ് മത്സരം ടൈ ആയത്. ഒടുവില്‍ രണ്ട് സൂപ്പര്‍ ഓവര്‍ക്ക് ശേഷമായിരുന്നു അഫ്ഗാന്‍ പോരാട്ടവീര്യത്തിന് മുന്നില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം നേടിയത്. ( Virat Kohli boundary line fielding against Afganistan )

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാന്‍ മത്സരത്തിന്റെ പല ഘട്ടങ്ങളിലും ഇന്ത്യയില്‍ നിന്നും വിജയം തട്ടിയെടുക്കുമെന്ന തോന്നലുണ്ടാക്കിയിരുന്നു. എന്നാല്‍ താരങ്ങളുടെ ഫീല്‍ഡിങ്ങ പ്രകടനമാണ് പല ഘട്ടങ്ങളിലും ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. വിക്കറ്റിന് പിന്നില്‍ സഞ്ജുവും ഫീല്‍ഡില്‍ വിരാട് കോലിയും വാഷിങ്ടണ്‍ സുന്ദറുമെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

സഞ്ജുവിന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും പ്രകടനങ്ങള്‍ സമ്മര്‍ദഘട്ടങ്ങളില്‍ ഇന്ത്യയ്ക്ക് തുണയായെങ്കില്‍, മത്സരത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് കോലിയുടെ പ്രകടനം തന്നെയാണ്. മത്സരം ഇന്ത്യ കൈവിടുമെന്ന് തോന്നിപ്പിച്ച സാഹചര്യത്തിലാണ് വിരാട് കോലി ബൗണ്ടറി ലൈന്‍ സേവുമായി എത്തിയത്. സിക്‌സറെന്ന് ഉറപ്പിച്ച ഷോട്ടാണ് കോലി രക്ഷപ്പെടുത്തിയത്.

വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ 17-ാം ഓവറിലാണ് കോലിയുടെ തകര്‍പ്പന്‍ ഫീല്‍ഡിന് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. ഈ ഓവറിലെ അഞ്ചാം പന്ത് നേരിട്ട കരീം ജന്നത്ത് ലോങ് ഓണിലേക്ക് വമ്പനൊരു ഷോട്ട് പായിച്ചതോടെ എല്ലാവരും സിക്‌സ് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ പ്രതീക്ഷകളെയാല്ലാം കാറ്റില്‍ പറത്തിയ കോലി, ബൗണ്ടറി ലൈനില്‍ നിന്നും ഉയര്‍ന്നുചാടി ഒറ്റ കയ്യില്‍ പന്ത് പിടിച്ചെടുത്ത് നിലംതൊടും മുമ്പ് തന്നെ ഗ്രൗണ്ടിലേക്ക് ഇടുകയായിരുന്നു. പിന്നാലെ ഓടിയെത്തി പന്ത് വിക്കറ്റ് കീപ്പറിലേക്ക് ത്രോ ചെയ്യുകയായിരുന്നു.

Read Also : ബാറ്റെടുത്തപ്പോൾ നിരാശപ്പെടുത്തി, വിക്കറ്റിന് പിന്നിൽ ‘സൂപ്പർ സഞ്ജു’ ഷോ..!!

ഇതിലൂടെ, നിര്‍ണായകമായ അഞ്ച് റണ്‍സാണ് കോലി ടീം ഇന്ത്യയ്ക്കായി രക്ഷപ്പെടുത്തിയത്. തുടര്‍ന്നും കോലിയുടെ ഫീല്‍ഡിങ്ങ് മികവിന് ആരാധകര്‍ സാക്ഷിയായി. 19-ാം ഓവറില്‍ നജീബുല്ല സദ്രാന്‍ ഉയര്‍ത്തിയടിച്ച പന്ത് 38 മീറ്ററോളം ദൂരം ഓടിയ ശേഷമാണ് കോലി കൈപ്പിടിയിലൊതുക്കിയത്. കൂടാതെ, ആദ്യ സൂപ്പര്‍ ഓവറില്‍ ഗുല്‍ബദിന്‍ നൈബിന്റെ റണ്‍ഔട്ടിലേക്ക് നയിച്ചതും വിരാട് കോലിയുടെ കിടിലന് ത്രോയായിരുന്നു.

Story highlights : Virat Kohli boundary line fielding against Afganistan