അവസാന ചിത്രം ‘ദളപതി 69’; രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച് വിജയ്!

February 2, 2024

‘തമിഴക വെട്രി കഴകം’, നടൻ വിജയ്‌യുടെ നേതൃത്വത്തിൽ സ്ഥാപിച്ച പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേരാണിത്. ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞ് നിന്ന വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിനാണ് ഒടുവിൽ ഉത്തരം ലഭിച്ചിരിക്കുന്നത്. പാർട്ടിയുടെ പേര് ഇന്ന് ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു. പാർട്ടിയുടെ ചെയർമാൻ വിജയ് തന്നെയാണ്. പാർട്ടി രൂപീകരിച്ചെന്ന വിവരം പ്രഖ്യാപിച്ച് കൊണ്ട് വിജയ് സോഷ്യൽ മീഡിയയിൽ കത്ത് പങ്കുവെയ്ക്കുകയായിരുന്നു. (Actor Vijay launches new Political Party)

ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ നേരത്തെ ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ആരാധക സംഘടന മത്സരിക്കുകയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നീക്കം സജീവമാക്കി വിജയ് രംഗത്തിറങ്ങിയത്.

ലോകസഭ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി മത്സരിക്കുന്നില്ലെന്നും 2026 ലെ തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് കത്തിൽ പറയുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം തനിക്ക് മറ്റൊരു തൊഴിലല്ലെന്നും പൊതുപ്രവർത്തനം ഒരു ഹോബിയായി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read also: ‘മലൈക്കോട്ടൈ വാലിബന്‍’; പേരിന് പിന്നിലെ സസ്പെൻസ് പൊളിച്ച് എൽജെപി!

ഇതുവരെ ഒപ്പുവെച്ചിട്ടുള്ള ചിത്രങ്ങൾ എല്ലാം പൂർത്തീകരിച്ച് മുഴുനീള രാഷ്ട്രീയ പ്രവർത്തകൻ ആകാനാണ് വിജയ്‌യുടെ തീരുമാനം. അത് ജനങ്ങളോടുള്ള തൻ്റെ നന്ദി മാത്രമാണെന്ന് താരം പറയുന്നു. മാത്രമല്ല, ‘ദളപതി 69’ ആയിരിക്കും തൻ്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി വിജയ് രാഷ്ട്രീയ മോഹങ്ങൾ കൊണ്ട് നടക്കുകയാണ്. സൗജന്യ ഭക്ഷണ വിതരണം, വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, ലൈബ്രറികൾ, സായാഹ്ന ട്യൂഷൻ, നിയമസഹായം എന്നിവ ഉൾപ്പെടെയുള്ള നിരവധി ചാരിറ്റി സേവനങ്ങളിൽ അദ്ദേഹം തൻ്റെ ഫാൻ ക്ലബ്ബുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ആരാധകരെ ആകെ ആവേശത്തിലാക്കിയിരിക്കുകയാണ് ദളപതിയുടെ പുതിയ അറിയിപ്പുകൾ.

ലിയോയുടെ വമ്പൻ വിജയത്തിന് ശേഷം വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് ‘ദി ഗ്രെയ്റ്റസ്റ് ഓഫ് ഓൾ ടൈം’. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ, ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമ്രെൻ, അരവിന്ദ് ആകാശ്, അജയ് രാജ് തുടങ്ങിയവരും അഭിനയിക്കുന്നു.

Story highlights: Actor Vijay launches new Political Party